110-ാം ലോക കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും
ദിനത്തോടനുബന്ധിച്ച് പരിശുദ്ധ ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശം
(ഞായര്‍, 29 സെപ്റ്റംബര്‍ 2024)

 

പ്രിയ സഹോദരീ സഹോദരന്മാരേ!

മെത്രാന്മാരുടെ സിനഡിന്‍റെ പതിനാറാം സാധാരണ ജനറല്‍ അസംബ്ലിയുടെ ആദ്യ സമ്മേളനം സമാപിച്ചത് ഈ കഴിഞ്ഞ ഒക്ടോബര്‍ 29 നായിരുന്നു. സഭയുടെ അടിസ്ഥാനമായ വിളിയുടെ ഭാഗമായ സിനഡാലിറ്റിയെക്കുറിച്ചുള്ള നമ്മുടെ ധാരണ ആഴപ്പെടുത്താന്‍ ഈ സമ്മേളനം ഞങ്ങളെ അനുവദിക്കുകയുണ്ടായി. ദൈവജനത്തിന്‍റെ സംയുക്തയാത്രയായും ദൈവരാജ്യത്തിന്‍റെ വരവിനായുള്ള സേവനത്തില്‍ വിവിധങ്ങളായ ശുശ്രൂഷകളും കൃപകളും തമ്മിലുള്ള ഫലപ്രദമായ സംവാദമായിട്ടുമാണ് സിനഡാലിറ്റി പ്രധാനമായും അവതരിപ്പിക്കപ്പെടുന്നത്. (സിന്തസിസ് റിപ്പോര്‍ട്ട്, ആമുഖം).

സിനഡല്‍ മാനത്തിന് ഊന്നല്‍ നല്‍കുന്നത് സഭയെ അതിന്‍റെ സഞ്ചാര സ്വഭാവം വീണ്ടും കണ്ടെത്താന്‍ അനുവദിക്കുന്നു, ദൈവജനം തീര്‍ത്ഥാടനത്തിനായി ചരിത്രത്തിലൂടെ സ്വര്‍ഗ്ഗ രാജ്യത്തിലേക്ക് സഞ്ചരിക്കുന്നതുപോലെ, ‘കുടിയേറുന്നതുപോലെയെന്ന്’ നമുക്ക് പറയാം. (രള. ഘൗാലി ഏലിശേൗാ, 49). വിശുദ്ധഗ്രന്ഥത്തിലെ പുറപ്പാടിന്‍റെ വിവരണം വായിക്കുമ്പോള്‍, വാഗ്ദത്തദേശത്തേക്കുള്ള അവരുടെ വഴികളെ ഇസ്രായേല്യര്‍ ചിത്രീകരിക്കുന്നത് സ്വാഭാവികമായും മനസ്സിലേക്കെത്തും. ദൈവവുമായുള്ള അവസാന മുഖാമുഖത്തിനായുള്ള സഭയുടെ യാത്രയ്ക്ക് മുന്നോടിയായുള്ള അടിമത്തത്തില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു നീണ്ട യാത്ര.

അതുപോലെ, നമ്മുടെ കാലത്തെ കുടിയേറ്റക്കാരില്‍, എല്ലാ കാലഘട്ടങ്ങളിലെയും പോലെ, നിത്യമായ മാതൃരാജ്യത്തിലേക്കുള്ള അവരുടെ വഴിയില്‍ ദൈവജനത്തിന്‍റെ ജീവനുള്ള ചിത്രം കാണാന്‍ കഴിയും. അവരുടെ പ്രത്യാശയുടെ യാത്രകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ‘നമ്മുടെ പൗരത്വം സ്വര്‍ഗ്ഗത്തിലാണ്, അവിടെ നിന്നാണ് കര്‍ത്താവായ യേശുക്രിസ്തുവിനെ നാം പ്രതീക്ഷിക്കുന്നത്’ (ഫിലി 3:20) എന്നാണ്.

ബൈബിളിലെ പുറപ്പാടിന്‍റെയും കുടിയേറ്റക്കാരുടെയും ചിത്രങ്ങള്‍ നിരവധി സമാനതകള്‍ പങ്കിടുന്നു. മോശയുടെ കാലത്തെ ഇസ്രായേല്‍ ജനതയെപ്പോലെ, കുടിയേറ്റക്കാര്‍ പലപ്പോഴും ദുരുപയോഗം, വിവേചനം, അടിച്ചമര്‍ത്തല്‍, അരക്ഷിതാവസ്ഥ, വികസനത്തി നുള്ള അവസരങ്ങളുടെ അഭാവം എന്നിവയില്‍ നിന്ന് പലായനം ചെയ്യുന്നു. മരുഭൂമിയിലെ യഹൂദന്മാരെപ്പോലെ, കുടിയേറ്റക്കാര്‍ അവരുടെ പാതയില്‍ നിരവധി തടസ്സങ്ങള്‍ നേരിടുന്നുണ്ട്: ദാഹത്താലും വിശപ്പിനാലും അവര്‍ പരീക്ഷിക്കപ്പെടുന്നു; അവര്‍ അധ്വാനത്താലും രോഗത്താലും തളര്‍ന്നുപോകും; അവര്‍ നിരാശയാല്‍ പ്രലോഭിപ്പിക്കപ്പെടുകയും ചെയ്യും.

എന്നിരുന്നാലും, പുറപ്പാടിന്‍റെ അടിസ്ഥാന യാഥാര്‍ത്ഥ്യം, ഓരോ പലായനത്തിന്‍റെയും അടിസ്ഥാന യാഥാര്‍ത്ഥ്യം, ദൈവം തന്‍റെ ജനത്തെയും സകലമക്കളെയും സര്‍വ്വസമയത്തും സ്ഥലത്തും പിന്തുടരുകയും അനുഗമിക്കുകയും ചെയ്യുന്നു എന്നതാണ്. ജനത്തിന്‍റെ നടുവിലെ ദൈവസാന്നിദ്ധ്യം രക്ഷാചരിത്രത്തിന്‍റെ ഒരു ഉറപ്പാണ്: നിങ്ങളുടെ ദൈവമായ കര്‍ത്താവാണ് കൂടെ വരുന്നത്. അവിടുന്നു നിങ്ങളെ പരാജയപ്പെടുത്തുകയോ പരിത്യജിക്കുകയോ ഇല്ല (നിയമാവര്‍ത്തനം 31:6). ഈജിപ്തില്‍ നിന്നു പുറപ്പെട്ടവര്‍ക്കു വേണ്ടി, പല മാര്‍ഗങ്ങളിലും അവര്‍ക്കു വഴികാട്ടാന്‍ ഒരു മേഘസ്തംഭത്തിലും, രാത്രിയില്‍ പ്രകാശം നല്കാന്‍ ഒരു അഗ്നിസ്തംഭത്തിലും കര്‍ത്താവ് അവര്‍ക്കു മുന്‍പേ പോയിരുന്നു (രള. പുറപ്പാട് 13:21). ഉടമ്പടിയുടെ പെട്ടകത്തെ സംരക്ഷിച്ചിരുന്ന സമാഗമന കൂടാരം, ദൈവസാമിപ്യത്തെ അനുഭവിക്കാന്‍ അവരെ സഹായിച്ചു (രള. പുറപ്പാട് 33:7), ദൈവിക സംരക്ഷണം ഉറപ്പുനല്‍കുന്ന പിച്ചള സര്‍പ്പത്തെ ഉറപ്പിച്ച വടി (രള. സംഖ്യ, 21:8-9), വിശക്കുന്നവര്‍ക്കും ദാഹിക്കുന്നവര്‍ക്കും ദൈവം തന്ന ദാനങ്ങളായി മന്നയും വെള്ളവും (രള. പുറപ്പാട് 16:17), കര്‍ത്താവിന് പ്രത്യേകിച്ചും പ്രിയപ്പെട്ട സാന്നിധ്യത്തിന്‍റെ ഒരു രൂപമാണ് കൂടാരം. ദാവീദിന്‍റെ ഭരണകാലത്ത് ദൈവം തന്‍റെ ജനത്തോടൊപ്പം ‘കൂടാരത്തില്‍ നിന്ന് കൂടാരത്തിലേക്കും വാസസ്ഥലത്തുനിന്നും വാസസ്ഥലത്തേക്കും’ നടക്കാന്‍ ഒരു ദൈവാലയത്തിലല്ല, ഒരു കൂടാരത്തില്‍ വസിക്കാന്‍ തീരുമാനിച്ചു (1 കൊരിന്ത്യര്‍ 17:5).

കുടിയേറ്റക്കാരില്‍ പലരും അവരുടെ യാത്രായില്‍ അനുധാവനം ചെയ്യുന്ന ചങ്ങാതിയായും വഴികാട്ടിയായും രക്ഷയുടെ നങ്കൂരമായും ദൈവത്തെ അനുഭവിക്കുന്നു. പുറപ്പെടുന്നതിനുമുമ്പ് അവര്‍തന്നെ അവനെ ചുമതലപ്പെടുത്തുകയും ആവശ്യമുള്ള സമയങ്ങളില്‍ അവനെ അന്വേഷിക്കുകയും ചെയ്തു. നിരുത്സാഹത്തിന്‍റെ നിമിഷങ്ങളില്‍ അവര്‍ അവനില്‍ ആശ്വാസം കണ്ടെത്തി. ദൈവത്തിന് നന്ദി, വഴിയിലുടനീളം നല്ല സമര്യക്കാര്‍ ഉണ്ടായിരുന്നു. പ്രാര്‍ഥനയില്‍ അവര്‍ തങ്ങളുടെ പ്രതീക്ഷകളെ അവനില്‍ അര്‍പ്പിച്ചു. മരുഭൂമികള്‍, നദികള്‍, സമുദ്രങ്ങള്‍, ഓരോ ഭൂഖണ്ഡത്തിന്‍റെയും അതിര്‍ത്തികള്‍ എന്നിവയിലൂടെയുള്ള യാത്രകളില്‍ എത്രയോ ബൈബിളുകള്‍, സുവിശേഷങ്ങളുടെ പകര്‍പ്പുകള്‍, പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍, ജപമാലകള്‍ എന്നിവ കുടിയേറ്റക്കാരെ അനുഗമിക്കുന്നു!

ദൈവം തന്‍റെ ജനത്തോടൊപ്പം നടക്കുന്നു എന്നു മാത്രമല്ല, ചരിത്രത്തിലൂടെയുള്ള യാത്രയില്‍ പുരുഷന്‍മാരുമായും സ്ത്രീകളുമായും, പ്രത്യേകിച്ച് ദരിദ്രരുമായും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായും സ്വയം തിരിച്ചറിയുന്നു എന്ന അര്‍ത്ഥത്തില്‍ അവരുടെ ഉള്ളിലും നിലനില്ക്കുന്നു. അവതാരത്തിന്‍റെ രഹസ്യാത്മകത ഇതിലൂടെ വിപുലീകരിക്കപ്പെടുന്നത് നമുക്ക് കാണാം.

ഇക്കാരണത്താല്‍, സഹായം ആവശ്യമുള്ള എല്ലാ സഹോദരീസഹോദരന്മാരെയും പോലെ കുടിയേറ്റക്കാരനുമായുള്ള നമ്മുടെ കണ്ടുമുട്ടല്‍ ‘ക്രിസ്തുവുമായുള്ള ഒരു കണ്ടുമുട്ടല്‍ കൂടിയാണ്. യേശു തന്നെ പറയുന്നുണ്ട്. വിശക്കുന്നവനും ദാഹിക്കുന്നവനും പരദേശിയും നഗ്നനും രോഗിയും തടവിലാക്കപ്പെട്ടവനുമായി നമ്മുടെ വാതിലില്‍ മുട്ടുന്നത് യേശു തന്നെയാണെന്ന്’ (ഹോമിലി, ‘ഫ്രീ ഫ്രം ഫിയര്‍’ മീറ്റിംഗില്‍ പങ്കെടുത്തവരോടൊപ്പം കുര്‍ബാന, സാക്രോഫാനോ, 15 ഫെബ്രുവരി 2019). മത്തായി 25-ലെ അന്തിമവിധി സംശയാതീതമാണ്: ‘ഞാന്‍ അപരിചിതനായിരുന്നു, നിങ്ങള്‍ എന്നെ സ്വീകരിച്ചു’ (വാക്യം 35). ‘സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്‍റെ ഈ ഏറ്റവും ചെറിയ സഹോദരീ സഹോദരന്മാരില്‍ ഒരാളോട് ചെയ്തതുപോലെ നീ എന്നോടും ചെയ്തു’ (വാക്യം 40). വഴിയിലെ ഓരോ കണ്ടുമുട്ടലും കര്‍ത്താവിനെ കണ്ടുമുട്ടാനുള്ള അവസരത്തെ പ്രതിനിധീകരിക്കുന്നു; ഇത് രക്ഷയുടെ ഒരു സന്ദര്‍ഭമാണ്, കാരണം നമ്മുടെ സഹായം ആവശ്യമുള്ള സഹോദരിയിലോ സഹോദരനിലോ യേശു സന്നിഹിതനാണ്. ഈ അര്‍ത്ഥത്തില്‍, ദരിദ്രര്‍ നമ്മെ രക്ഷിക്കുന്നു, കാരണം അവര്‍ കര്‍ത്താവിന്‍റെ മുഖം കണ്ടുമുട്ടാന്‍ നമ്മെ പ്രാപ്തരാക്കുന്നു (രള. മൂന്നാം ലോക ദരിദ്രദിനത്തിനായുള്ള സന്ദേശം, 17 നവംബര്‍ 2019).

പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കുമായി സമര്‍പ്പിക്കപ്പെട്ട ഈ ദിനത്തില്‍, മാന്യമായ ജീവിത സാഹചര്യങ്ങള് തേടി സ്വന്തം നാട് വിടേണ്ടി വന്ന എല്ലാവര്‍ക്കും വേണ്ടി നമുക്ക് പ്രാര്‍ത്ഥനയിള്‍ ഒന്നിക്കാം. നമുക്ക് അവരോടൊപ്പം യാത്ര ചെയ്യാം, ഒരുമിച്ച് ‘സിനഡല്‍’ ആകാം, അവരെയും വരാനിരിക്കുന്ന സിനഡ് അസംബ്ലിയെയും ‘പരിശുദ്ധ കന്യാമറിയത്തിന്‍റെ മധ്യസ്ഥതയ്ക്ക്, വിശ്വസ്തരായ ദൈവജനത്തിന് അവരുടെ യാത്ര തുടരുമ്പോള്‍ ഉറപ്പുള്ള പ്രത്യാശയുടെയും സാന്ത്വനത്തിന്‍റെയും അടയാളമായി ചുമതലപ്പെടുത്താം (XVI ഓര്‍ഡിനറി ജനറല്‍ അസംബ്ലി സിന്തസിസ് റിപ്പോര്‍ട്ട്: യാത്ര തുടരല്‍).

പ്രാര്‍ത്ഥന

ദൈവമേ, സര്‍വ്വശക്തനായ പിതാവേ,
സ്വര്‍ഗ്ഗരാജ്യത്തിലേക്ക് യാത്ര ചെയ്യുന്ന
അങ്ങയുടെ തീര്‍ത്ഥാടക സഭയാണ് ഞങ്ങള്‍.
ഞങ്ങള്‍ മാതൃരാജ്യത്താണ് താമസിക്കുന്നതെങ്കിലും,
വിദേശികളെന്ന പോലെയാണ്.
എല്ലാ വിദേശസ്ഥലങ്ങളും നമ്മുടെ ഭവനമാണ്,
എന്നിട്ടും ഓരോ ജന്മദേശവും നമുക്ക് അന്യമാവുന്നു.
നമ്മള്‍ ഭൂമിയില്‍ ജീവിക്കുന്നുവെങ്കിലും,
നമ്മുടെ യഥാര്‍ത്ഥ പൗരത്വം സ്വര്‍ഗത്തിലാണ്.
താല്‍ക്കാലിക ഭവനമായി അങ്ങ് ഞങ്ങള്‍ക്കു തന്നിരിക്കുന്ന
ലോകത്തിന്‍റെ ഭാഗം കൈവശപ്പെടുത്താന്‍ ഞങ്ങളെ അനുവദിക്കരുത്.
കുടിയേറ്റക്കാരായ ഞങ്ങളുടെ സഹോദരീ സഹോദരന്മാരോടൊപ്പം,
അങ്ങ് ഞങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന നിത്യവാസസ്ഥലത്തേക്ക്
നടക്കാന്‍ ഞങ്ങളെ സഹായിക്കണമേ.
ഞങ്ങളുടെ കണ്ണുകളും ഹൃദയങ്ങളും തുറക്കുക,
അങ്ങനെ ആവശ്യമുള്ളവരുമായുള്ള ഓരോ കൂടിക്കാഴ്ചയും
നിങ്ങളുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ
യേശുവുമായുള്ള കൂടിക്കാഴ്ചയായി മാറും.

ആമേന്‍

സെന്‍റ് ജോ ണ്‍ ലാറ്ററന്‍, റോം, 24 മെയ് 2024, ക്രിസ്ത്യാനികളുടെ സഹായമായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ സ്മാരകം.

ഫ്രാന്‍സിസ്