1935 മെയ് 24 – 2007 ഒക്ടോബർ 10 |
കേരളത്തിലെ ലത്തിൻ കത്തോലിക്കരുടെ സമുദായവല്കരണത്തിനും ശക്തീകരണത്തിനും വേണ്ടി പ്രതിജ്ഞാബദ്ധതയോടെ കർമ്മനിരതനായിരുന്ന ഉജ്ജ്വല പോരാളിയായിരുന്നു അഡ്വ. സി വി ആൻ്റണി.
1967 ൽ വരാപ്പുഴ അതിരൂപത കാത്തലിക് അസോസിയേഷൻ പുനഃസംഘടിപ്പിച്ച കാലം മുതൽ സമുദായ സംഘടനയുടെ നേതൃത്വത്തിൽ സജീവമായിരുന്നു. അതിരൂപത കാത്തലിക് അസോസിയേഷൻ്റെ വൈസ് പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ്റെ സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയായും പിന്നീട് വൈസ് പ്രസിഡണ്ടായും പ്രവർത്തിച്ചു. കെ.സി.വൈ.എം വരാപുഴ അതിരുപതയുടെ പ്രഥമ ആനിമേറ്ററായിരുന്നു. മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ 1982-ൽ കേരള പട്ടിക ജാതി – പട്ടിക വർഗ പിന്നാക്ക വിഭാഗ ഫെഡറേഷൻ രൂപീകരിക്കപ്പെട്ടപ്പോൾ സംസ്ഥാന ഭാരവാഹിയായിരുന്നു.
ദേശീയ തലത്തിൽ കത്തോലിക്കരുടെ പൊതു സംഘടനയായ അഖിലേന്ത്യ കാത്തലിക് യൂണിയ(AICU)ൻ്റെ കേരള റീജണൽ സെക്രട്ടറി, വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തുടർന്ന് ദേശീയ സെക്രട്ടറി ജനറൽ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഈ ഉന്നത തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കേരള റീജണിൽ നിന്നുള്ള ആദ്യ വ്യക്തിയാണ് അഡ്വ. സി.വി. ആൻ്റണി. ഈ തസ്തികയിലേക്ക് അദ്ദേഹത്തിനു ശേഷം തുടർന്നു നാളിതുവരെ (2024) ആരും തന്നെ കേരള റീജണിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. സെക്രട്ടറി ജനറൽ എന്ന നിലയിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി. 1983 ൽ ബാങ്കോക്കിൽ നടന്ന ഏഷ്യൻ ലെയ്റ്റി കോൺഫ്രൻസിൻ ഇന്ത്യയെ പ്രതിനിധികരിച്ചു. രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകളുടെ പഠനങ്ങളുടെ വെളിച്ചത്തിൽ അല്മായ രൂപീകരണത്തിനും പരിശീലനത്തിനും, സാമൂഹിക നേതൃത്വം രൂപപ്പെടുത്തുന്നതിനുമായി 1970 കളുടെ രണ്ടാം പകുതി മുതൽ ബാംഗ്ലൂർ എൻ.ബി. സി.എൽ. സി. യിൽ സ്ഥാപക ഡയറക്ടർ പ്രശസ്ത ദൈവശാസ്ത്രജ്ഞൻ ഫാ. അമലോർഭവ ദാസിൻ്റെ നേതൃത്വത്തിൽ കോഴ്സുകൾ നടത്തിയിരുന്നു. അക്കാലം മുതൽ റിസോഴ്സ് പേഴ്സണായി അഡ്വ. സി.വി. ആൻ്റണി പ്രവർത്തിച്ചിരുന്നു. 1982-ലായിരുന്നു പ്രാദേശിക ഭാഷകളിൽ അല്മായ പരിശീലന കോഴ്സുകൾ തുടങ്ങിയത്. ഇതിന് സി.വി. ആൻ്റണി നേതൃത്വപരമായ പങ്കു വഹിച്ചു. തുടർന്ന് ദീർഘകാലം മലയാളത്തിൽ നടത്തപ്പെട്ടിരുന്ന ദശദിന ക്യാമ്പുകളുടെ മുഖ്യ സംഘാടകനും പരിശീലകനുമായിരുന്നു. ഈ പരിശീലന പരിപാടികളിൽ പങ്കെടുത്തവരെ ഉൾപ്പെടുത്തി രൂപം കൊടുത്ത ഇന്ത്യൻ ക്രൈസ്തവ നവീകരണ മുന്നേറ്റത്തിൻ്റെ (CRMI) കേരള റീജണൽ കൺവീനറായിരുന്നു.
വരാപ്പുഴ അതിരൂപതയിൽ ബി.സി.സി. കൾ (കുടുംബ യൂണിറ്റുകൾ) സ്ഥാപിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും നേതൃത്വം നല്കി. ആദ്യത്തെ അതിരൂപതാ തല പ്രസിഡണ്ടായിരുന്നു. ദേശിയ കത്തോലിക്ക മെത്രാൻ സമിതിയുടെ (CBCI) ദേശീയ ഉപദേശക സമിതി അംഗമായിരുന്നു. കെസിബിസി ബൈബിൾ സൊസൈറ്റി വൈസ് പ്രസിഡണ്ടായിരുന്നു.
ലത്തീൻ കത്തോലിക്കരുടെ രാഷ്ട്രീയ ശക്തീകരണത്തിനായി 1982 ൽ കെഎൽസിഎ മുൻകൈ എടുത്ത് ഇന്ത്യൻ ലേബർ കോൺഗ്രസ്സ് എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചപ്പോൾ, പ്രധാന പങ്കാളിത്തം വഹിക്കുകയും ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്തു. എറണാകുളം പാർലമെൻ്റ് മണ്ഡലത്തിൽ ഐഎൽസി 1984 ൽ സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ മരണത്തെ തുടർന്നുണ്ടായ സഹാതാപ തരംഗത്തിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്താനായില്ല. പ്രത്ഗ്ഭനായ വാഗ്മിയായിരുന്നു.
നാവിക വിമാനത്താവളത്തിനായി വെണ്ടുരുത്തിയിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടതിനെ തുടർന്നാണ് ആൻ്റണിയുടെ കുടുംബം നെട്ടൂരിലേക്കെത്തുന്നത്. 1935 മെയ് 24 നായിരുന്നു ആൻ്റണിയുടെ ജനനം. ചെട്ടിവീട്ടിൽ വറുത് – റോസമ്മ എന്നിവരായിരുന്നു മാതാപിതാക്കൾ. നിർമ്മാണ തൊഴിലാളിയായിരുന്ന പിതാവ്, ആൻ്റണിയുടെ ബാല്യത്തിൽ തന്നെ മരിച്ചതിനെ തുടർന്ന് നാല് സഹോദരിമാർ ഉൾപ്പെടെ കുടുംബഭാരം ആൻ്റണിയുടെ ചുമലിലായി. പഠനത്തിൽ മിടുക്കനായിരുന്നെങ്കിലും ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം പഠനം തുടരാനാവാതെ വന്നു. തേവര സേക്രഡ് ഹാർട്ട് കോളെജിൽ ലാബ് അസിസ്റ്റൻ്റ് തസ്തികയിൽ ജോലിയിൽ പ്രവേശിച്ചു. 1957 ൽ സംസ്ഥാന സർവ്വീസിൽ ഉദ്യോഗസ്ഥനായി. 1963-ൽ പ്രീ യൂണിവേഴ്സിറ്റി കോഴ്സിൽ പഠനം തുടർന്ന സി. വി. ആൻ്റണി എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ബി.എ. പൊളിറ്റിക്സിൽ ബിരുദം നേടി. എറണാകുളം ലോ കോളേജിൽ നിന്നും നിയമബിരുദത്തിനു ശേഷം കുസാറ്റിൽ നിന്നും നിയമത്തിൽ മാസ്റ്റർ ബിരുദം നേടി. സർക്കാർ ഉദ്യോഗം രാജിവച്ച് 1977 ഏപ്രിൽ 3 ന് അഭിഭാഷകനായി സന്നത് എടുത്തു. മണ്ഡൽ കമ്മീഷനും പിന്നാക്ക വിഭാഗങ്ങളും എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്. കേരള ടൈംസ് ഉൾപ്പടെയുള്ള പത്രമാദ്ധ്യമങ്ങളിൽ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.
നിരന്തരമായ കഠിനപ്രയത്നത്തിലൂടെ പ്രതിസന്ധികളെ ധീരതയോടെ നേരിട്ട് ജീവിത വിജയം നേടിയ സി. വി. ആൻ്റണിയുടെ ജീവിതം ഇന്നത്തെ തലമുറയ്ക്ക് ഒരു മാതൃക തന്നെയാണ്.
2007 ഒക്ടോബർ 10 ന് നിര്യാതനായി. ഭാര്യ കാതറൈൻ. ജോർജ് ഡെന്നീസ്, ട്രീസ ഗ്ലാസീസ്, ബാസ്റ്റിൻ ഗ്രേഷ്യസ് എന്നിവരാണ് മക്കൾ.
ADV. C V ANTONY, CHETTIVEETTIL