1918 – 1986 |

1971 മുതൽ 1986 വരെ വരാപ്പുഴ അതിരൂപതയുടെ രണ്ടാമത്തെ ഏതദ്ദേശീയ മെത്രാപ്പൊലീത്തയായിരുന്നു ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കേളന്ത്ര. രണ്ടാം വത്തിക്കാൻ കൗൺസിലിൻറെ പ്രബോധനങ്ങൾക്കനുസരിച്ച് എല്ലാ വിശ്വാസികളുടെയും ഒത്തൊരുമയും പങ്കാളിത്തവുമുള്ള സഭാസംവിധാനങ്ങളെ രൂപപ്പെടുത്തി വരാപ്പുഴ അതിരൂപതയെയും കേരള ലത്തീൻ കത്തോലിക്കസഭയെയും ആധുനാതനീകരിക്കാനുള്ള  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കേരളത്തിലെ ലത്തീൻ കത്തോലിക്കർ ഒരു വിശ്വാസ സമൂഹമെന്നതു പോലെ സമുദായം കൂടിയാണെന്ന വസ്തുത ഔദ്യാഗികമായി ആദ്യം അംഗീകരിച്ചത് ആർച്ച്ബിഷപ്പ് കേളന്തറയായിരുന്നു, കേരള ലത്തീൻ സഭയുടെ ഔദ്യോഗിക നയമായി ഇത് മാറിയത് 2002 ൽ കെ ആർ എൽ സി സി യുടെ രൂപീകരണത്തിനു ശേഷം മാത്രമാണ്. പ്രാദേശികത,  ഉപവിഭാഗങ്ങൾ തുടങ്ങിയ വിവിധ കാരണങ്ങളാൽ  ശിഥിലമായിരുന്ന ലത്തീൻ സമുദായത്തെ ഒറ്റക്കൊടിക്കീഴിൽ അണിനിരത്താനുള്ള നടപടികൾക്കും അദ്ദേഹം നേതൃത്വം നല്കി.  ലത്തീൻ കത്തോലിക്കരുടെ സാമുദായിക- രാഷ്ട്രീയ – തൊഴിലാളി ശക്തീകരണമുൾപ്പടെ സമഗ്രവികസനത്തിനുള്ള പ്രവർത്തനങ്ങൾക്ക് പിൻബലം നൽകി.  ലത്തീൻ കത്തോലിക്കാ സമുദായത്തിൻറെ മുഖപത്രമായി കേരള ടൈംസിനെ വളർത്തുകയും ആധുനീകരിക്കുകയും ചെയ്തു. സമുദായത്തിൻറെ നേതൃത്വം ഏറ്റെടുക്കാനായി അൽമായ വിശ്വാസികൾക്ക് പ്രോത്സാഹനം നൽകി.  സംസ്ഥാന തലത്തിൽ കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ (കെ. എൽ. സി. എ.), കേരള കാത്തലിക്ക് യൂത്ത് മൂവ്മെൻറ് (കെ. സി വൈ. എം.) എന്നിവയുടെ രൂപീകരണത്തിന് നേതൃത്വപരമായ പങ്ക് വഹിച്ചു. വരാപ്പുഴ അതിരൂപതയിൽ കത്തോലിക്കാ യുവജന പ്രസ്ഥാനം രൂപീകരിച്ചു. വിശുദ്ധ ജോൺ പോൾ പാപ്പയുടെ കൊച്ചി സന്ദർശനത്തിൻറെ സംഘാടക സമിതിയുടെ പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിച്ചു. വരാപ്പുഴ അതിരൂപതയുടെ ശതാബ്ദി ആഘോഷങ്ങൾ ഇന്ത്യൻ പ്രസിഡണ്ട് ഗ്യാനി സെയിൽസിംഗ് ഉൾപ്പടെയുടെയുള്ള മഹാവ്യക്തികളെ പങ്കെടുപ്പിച്ച് വിജയകരമായി നടത്തി. 1981 മുതൽ 1983 വരെ കേരള കത്തോലിക്ക മെത്രാൻ സമിതി (കെ സി ബി സി) യുടെ അദ്ധ്യക്ഷൻ ആയി പ്രവർത്തിച്ചു.

 1918 ജനുവരി 9 നു വരാപ്പുഴ അതിരൂപതയുടെ തെക്കെ അറ്റത്തുള്ള പനങ്ങാടിൽ കേളന്തറ റൈമണ്ടിന്റെയും ആഗ്നസിന്റെയും പുത്രനായി ജോസഫ് ഭുജാതനായി.  പന്ത്രണ്ടാമത്തെ വയസ്സിൽ എറണാകുളം മൈനർ സെമിനാരിയിൽ പ്രവേശനം ലഭിച്ചു. അസാമാന്യ ബുദ്ധിവൈഭവവും പഠനചാതുര്യവും പ്രകടിപ്പിച്ചതുമൂലവും പത്താം ക്ലാസ്സിനു ശേഷം അധികാരികൾ അദ്ദേഹത്തെ തൃശ്നാപ്പള്ളി സെന്റ് ജോസഫ്സ് കോളേജിലേയ്ക്കു വിദ്യാഭ്യാസത്തിനായി അയച്ചു. ബിരുദ പഠനത്തിനു ശേഷം 1943 ൽ ആലുവ മംഗലപ്പുഴ സെമിനാരിയിൽ ചേർന്നു. 1949 മാർച്ച് 18 നു ആർച്ച് ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റിയാൽ ശുശ്രൂഷാ പൌരോഹിത്യത്തിലേയ്ക്കു ഉയർത്തപ്പെട്ടു.

ചാത്യാത്ത് പള്ളിയിൽ സഹവികാരി, എറണാകുളം മൈനർ സെമിനാരി റെക്ടർ എന്നീ സ്ഥാനങ്ങൾ ചുരുങ്ങിയകാലം വഹിക്കുകയുണ്ടായി. തുടർന്നു ഉന്നത പഠനത്തിനായി റോമിലേയ്ക്കു അയക്കപ്പെട്ടു. ഊർബൻ യൂണിവേഴിസിറ്റിയിൽ നിന്നും കാനൻനിയമത്തിലും ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്നും സാമൂഹികശാസ്ത്രത്തിലും രണ്ട് ഡോക്ടറേറ്റുകൾ കരസ്ഥമാക്കി. ആർച്ച്ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റിയുടെ സെക്രട്ടറിയായി കുറച്ചുകാലം സേവനം ചെയ്തു.  ഉന്നത പഠനത്തിനായി അദ്ദേഹം വീണ്ടും അയക്കപ്പെട്ടു. അമേരിക്കയിലെ പോട്ട്ലാ‍ന്റ് യൂണിവേഴ്സിറ്റിയിൽ നിന്നും എം.എ., എം.എഡ്.  എന്നീ ബിരുദാനന്തര ബിരുദങ്ങൾ കരസ്ഥമാക്കി. പോർട്ട്‌ലാൻറ് യൂണിവേഴ്സിറ്റി ഓണററി ‘ഡോക്ടർ ബിരുദം നൽകി അദ്ദേഹത്തെ ആദരിച്ചു.

ആലുവ മംഗലപ്പുഴ സെമിനാരിയിൽ വൈസ് റെക്ടറായി പ്രവർത്തിച്ചു വരുമ്പോഴായിരുന്നു വരാപ്പുഴ അതിരൂപതയുടെ രണ്ടാമത്തെ ഏതദ്ദേശീയ മെത്രാപ്പോലീത്തയായി  ഫാ. ജോസഫ് കേളന്തറയെ1971 ജനുവരി 16 നു നിയമിക്കപ്പെട്ടത്. 1971 ഏപ്രിൽ 7 നു കർദ്ദിനാൾ ലൂർദ്ദ് സാമിയുടെ കൈവയ്പ് ശുശ്രൂഷയിലൂടെ പൌരോഹിത്യത്തിന്റെ പൂർണ്ണതയിലേയ്ക്കു മോൺ. ജോസഫ് കേളന്തറ ഉയർത്തപ്പെട്ടു. ഒന്നര പതിറ്റാണ്ടു കാലം മാത്രമാണു ആർച്ച്ബിഷപ്പ് കേളന്തറയെ അതിരൂപതയുടെ ഇടയശുശ്രൂഷ നിർവഹിക്കാൻ ദൈവം അനുവദിച്ചുള്ളു. വിശുദ്ധജോൺ പോൾ പാപ്പയുടെ കൊച്ചി സന്ദർശനം വരാപ്പുഴ അതിരൂപതയുടെ ശതാബ്ദി ആഘോഷങ്ങൾ  എന്നീ രണ്ട് ബൃഹത് പരിപാടികൾക്ക് വിജയകരമായി  നേതൃത്വം നല്കിയ കേളന്തറ പിതാവിനെ 1986 ഒക്ടോബർ 19 നു ദിവംഗതനായി.

സഹായ ഗ്രന്ഥങ്ങൾ : –

(I) ഷെവ. എൽ. എം. പൈലി, സെൻറ് തോമസ് ക്രിസ്ത്യാനികളും വരാപ്പുഴ അതിരൂപതയും (1977)

(II) വരാപ്പുഴ അതിരൂപത ശതാബ്ദി സ്മരണിക (1986)