1948- 1995|
ക്രാന്തദർശിയായ നേതാവ്, നലം തികഞ്ഞ സംഘാടകൻ, സ്നേഹനിധിയായ സുഹൃത്ത് എന്നീ സവിശേഷ ഗുണങ്ങൾ സമന്വയിച്ച വ്യക്തിത്വത്തിൻ്റെ ഉടമയായിരുന്നു ജോർജ് പോളയിൽ. സഭയ്ക്കും സമുദായത്തിനു വേണ്ടി നിസ്വാർഥ സേവനം അനുഷ്ടിച്ച അദ്ദേഹം സാമൂഹിക സാംസ്കാരിക മേഖലകളിലും തൻ്റെ സാന്നിധ്യം അടയാളപ്പെടുത്തിയാണ് 47-ാമത്തെ വയസ്സിൽ ഈ ലോകത്തിൽ നിന്നും കടന്നുപോയത്.
വരാപ്പുഴ അതിരൂപതയിൽ കത്തോലിക്കാ യുവജന പ്രസ്ഥാനം കരുത്തോടെ കെട്ടിപ്പടുക്കുന്നതിൽ ആരംഭ കാലഘട്ടങ്ങളിൽ ജനറൽ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ച ജോർജ് പോളയിലിൻ്റെ സമർപ്പണ സേവനം നാഴികകല്ലായിരുന്നു. കാത്തലിക് യൂത്ത് മൂവ്മെൻ്റ് കൂടാതെ കേരള കാത്തലികം സ്റ്റുഡൻ്റ്സ് ലീഗ്, കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ, ലത്തീൻ കത്തോലിക്കരുടെ രാഷട്രീയ പ്രസ്ഥാനമായിരുന്ന ഇന്ത്യൻ ലേബർ കോൺഗ്രസ് എന്നിവയിലും അദ്ദേഹം നേതൃനിരയിൽ പ്രവർത്തിച്ചു.
ലത്തീൻ സമുദായത്തിൻ്റെ മുഖപത്രമായിരുന്ന കേരള ടൈംസിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. പത്രത്തിൻ്റെ പ്രചാരം വർധിപ്പിക്കുവാൻ സർക്കുലേഷൻ മാനേജർ എന്ന നിലയിൽ അദ്ദേഹം നടത്തിയ കഠിന പരിശ്രമം നടത്തുകയുണ്ടായി. എന്നാൽ പത്രത്തിൻ്റെ പരിമിതികൾ ആ അധ്വാനം ഫലപ്രാപ്തിയിലെത്തിച്ചില്ല. പത്രത്തിൻ്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് വേണ്ടി സംസ്ഥാനമൊട്ടാകെ നടത്തിയ യാത്രകൾ അദ്ദേഹത്തെ രോഗബാധിതനാക്കായിരുന്നു. അത്തരം ഒരു യാത്രയെ തുടർന്നുണ്ടായ അസുഖങ്ങൾ മൂലമാണ് 47-ാമത്തെ വയസ്സിൽ 1995 മാർച്ച് 30 ന്ആ ജീവിതം പൊലിയുന്നത്.
‘കലയുടെ ഊര്’ എന്ന് വിശേഷണമുള്ള കലൂർ നിരവധി കലാകാരന്മാരുടെ നാടാണ്. സമകാലികരും സുഹൃത്തുക്കളുമായ കലാകരന്മാരുമായുള്ള സൗഹൃദം ജോർജിൻ്റെ കഴിവുകളെ പരിപോഷിപ്പിച്ചു. തിരക്കഥാകൃത്ത് കലൂർ ഡെന്നീസ്, ആർട്ടിസ്റ്റ് കാത്തോ, നാടകകൃത്തുക്കളായ സി.സി ജോസ്, കെ.സി. ജോസഫ്,ചലച്ചിത പ്രതിഭ ജെ.ജെ. കുറ്റിക്കാട് എന്നിവർ ജോർജിന്റെ സൗഹൃദ വലയത്തിൽ ഉൾപ്പെട്ടവരാണ്. സാമുദായിക സാമൂഹിക പ്രവർത്തനങ്ങളിൽ മുഴുകി ജീവിക്കുമ്പോഴും ഇടവകയുടെ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുവാൻ പോളയിൽ സമയം കണ്ടെത്തിയിരുന്നു. കലൂരിലെ കുരിശു പള്ളി ഇന്നത്തെ പ്രസിദ്ധമായ സെൻ്റ് ആൻ്റണീസ് ദേവാലയമായി വളർത്തിയെടുക്കുന്നതിൽ വികാരി ഫാ. ജോസഫ് ഒള്ളാട്ടു പുറത്തിൻ്റെ നേതൃത്വത്തിൽ രൂപികരിച്ച നിർമാണ കമ്മിറ്റിയുടെ സെക്രട്ടറി ജോർജായിരുന്നു 1971 ഏപിൽ 6 ന് ആരംഭിച്ച ദേവാലയ നിർമാണം 1972 നവംബർ 27 ന് പൂർത്തികരിക്കുന്നതുവരെ വിശ്രമമില്ലാത്ത പ്രവർത്തനമായിരുന്നു. പള്ളി ശിലാസ്ഥാപനം നടത്തിയത് അഭിവന്ദ്യ കേളന്തറ പിതാവും കൊർണേലിയസ് പിതാവും ചേർന്നായിരുന്നു ആശീർവാദം നടത്തിയത് കേളന്തറ പിതാവും. ഈ രംഗത്ത് പോളയിൽ നടത്തിയ ആത്മർഥമായ പ്രവർത്തനത്തെ കേളന്തറ പിതാവ് പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി.നിരവധി സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന സെൻ്റ് ആൻ്റണീസ് ഗിൽഡിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.
കൊച്ചി നഗരഹൃദയത്തിൻ്റെ ഭാഗമായ കലൂരിലെ പോളയിൽ കുടുംബത്തിൽ 1948 മെയ് 14 നായിരുന്നു ജനനം. പിതാവ് – അന്തക്കുട്ടി മാതാവ് ഏലീശ്വ കലൂർ ഗവണ്മെൻ്റ് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും സെൻറ് അഗസ്റ്റിൻസ് ഹൈസ്ക്കൂളിൽ ഹൈസ്ക്കൂൾ പഠനവും പൂർത്തിയാക്കി. പഠിക്കാൻ മിടുക്കനായിരുന്നു. കലാ സാഹിത്യ മത്സരങ്ങളിലും മികവ് പുലർത്തിയിരുന്നു. എങ്കിലും ജീവിത സാഹചര്യങ്ങൾ ഉപരി പഠനങ്ങൾക്ക് സഹായകമായിരുന്നില്ല. പിതാവ് ചെറിയ പ്രായത്തിൽ തന്നെ മരണമടഞ്ഞു. റെയിൽവെ ജീവനക്കാരനായിരുന്ന ജ്യേഷ്ഠസഹോദരൻ മത്തായിയുടെ വരുമാനം അമ്മയും മൂന്നു സഹോദരിമാരമടങ്ങുന്ന ആറംഗകുടുംബത്തിൻ്റെ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമായിരുന്നില്ല. പഠനത്തോട് വിട പറഞ്ഞ് ഉപജീവന വഴികളന്വേഷിക്കുമ്പോഴും ഗ്രന്ഥശാലകളിലൂടെ വായനയും പഠനവും തുടർന്നു കൊണ്ടേയിരുന്നു.
വ്യക്തിബന്ധങ്ങൾ ഊഷ്മളമായി കാത്തുസൂക്ഷിച്ചിരുന്ന പോളയിൽ സമുദായിക പ്രവർത്തന രംഗത്തെ നേതാക്കളും കുടുംബാംഗങ്ങളുമായി നല്ല ബന്ധം നിലനിർത്തിയിരുന്നു. നഗരമധ്യത്തിലുള്ള അദ്ദേഹത്തിൻ്റെ വീട് ഏതു പാതിരാത്രിയിലും സുഹൃത്തുക്കൾക്ക് ആതിഥ്യമരുളിയിരുന്നു. നഗരാതിർത്തിക്കു പുറത്തുള്ള ദ്വീപുകളിൽ നിന്നും യാത്രാ സൗകര്യങ്ങൾ പരിമിതമായ പ്രദേശങ്ങളിൽ നിന്നും നഗരത്തിലെത്തി സംഘടനാ പ്രവർത്തനങ്ങൾ നടത്തിയിരുന്ന പി.ആർലോറൻസ് അഗസ്റ്റിൻ പനച്ചിക്കൽ ,ജോയി ഗോതുരുത് തുടങ്ങിയവർക്ക് അഭയ കേന്ദ്രമായിരുന്നു അദ്ദേഹത്തിൻ്റെ വീട്. അഡ്വ സി. വി ആൻ്റണി മുതൽ പി.ആർ അലോഷ്യസ് വരെയുള്ള വിവിധ തലമുറയിലെ നേതാക്കൾ ഉൾപ്പെടുന്ന ‘കുമ്പാരി കൂട്ടം’
എന്ന കൂട്ടായ്മ പോളയിലിൻ്റെ ഉത്സഹത്തിൽ നടത്തിയിരുന്നു. 1979 ലായിരുന്നു വിവാഹം.
സമൂഹത്തിനും സമുദായത്തിനും വേണ്ടി ചെയ്ത സേവനങ്ങൾ ആദരിച്ചു കൊണ്ട് കൊച്ചി കോർപറേഷൻ ദേശാഭിമാനിക്കടുത്തുള്ള അദ്ദേഹത്തിൻ്റെ വീടിന് സമീപമുള്ള റോഡിന് ജോർജ് പോളയിൽ ലൈൻ എന്ന പേരു നൽകി.
ഭാര്യ മേഴ്സി, മകൾ: വിശാഖ്, വിമോത്, വിജിനി ജിപ്സൺ .
തയ്യാറാക്കിയത്: അഗസ്റ്റിൻ പനച്ചിക്കൽ
GEORGE POLAYIL