1920 ഒക്ടോബര്‍ 24 – 15 2008 മെയ് 15

 

ഡോ. ഹെൻട്രി ഓസ്റ്റിന്‍ ഇന്ത്യയിലെ ആദരണീയനും പ്രമുഖനുമായ രാഷ്ട്രീയ നേതാവും നയതന്ത്രജ്ഞനും കേന്ദ്ര മന്ത്രിയുമായിരുന്നു. കുലീനത്വം നിറഞ്ഞു നിന്ന വ്യക്തിത്വം, അനന്യമായ നേതൃപാടവം, ആഴമേറിയ സാമൂഹിക പ്രതിബദ്ധത എന്നിവ കോണ്‍ഗ്രസ്സ് നേതൃനിരയില്‍ അദ്ദേഹത്തെ വ്യതിരിക്തനാക്കിയിരുന്നു.

1920 ഒക്ടോബര്‍ 24-ന് കൊല്ലത്തെ ശക്തികുളങ്ങരയില്‍ ഹെൻട്രി ഓസ്റ്റിന്‍ ജനിച്ചു. ഫ്രാന്‍സിസ് ഓസ്റ്റിന്‍ കുരിശടിയുടെയും ഫിലോമിനയുടെയും എട്ടാമത്തെ സന്താനമായിരുന്നു അദ്ദേഹം. പ്രാഥമിക വിദ്യാഭ്യാസം നാഗര്‍കോവില്‍ കാര്‍മല്‍ ഹൈസ്കൂളിൽ നിന്നായിരുന്നു. മംഗലാപുരം സെന്‍റ് അലോഷ്യസ് കോളേജിൽ നിന്നും ഇൻ്റർ മീഡിയറ്റും തിരുവനന്തപുരം ആര്‍ട്സ് കോളേജില്‍ നിന്ന് ബിഎ ബിരുദവും കരസ്ഥമാക്കി. തുടർന്നു, 1944-ല്‍ തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് ബി. എല്‍. ബിരുദവും നേടി. ഉന്നത വിദ്യാഭ്യാസം നേടാനായി 1949-ല്‍ ഹെൻട്രി അമേരിക്കയിലെത്തി. വാഷിംഗ്ടണ്‍ ഡിസിയിലെ ജോര്‍ജ്ജ് ടൗണ്‍ യൂണിവേഴ്സിറ്റി, അമേരിക്കന്‍ യൂണിവേഴ്സിറ്റി, എന്നിവിടങ്ങളില്‍ ഉപരിപഠനം നടത്തി. ബിരുദാനന്തര ബിരുദവും ‘അന്തര്‍ദേശിയ ബന്ധങ്ങളില്‍’ ഡോക്ടറേറ്റും കരസ്ഥമാക്കി. അദ്ദേഹത്തിന്‍റെ പ്രബന്ധത്തിന്‍റെ വിഷയം ‘ഏഷ്യയില്‍ ഇന്ത്യ (1947-54)’ എന്നതായിരുന്നു.

കേരള യൂണിവേഴ്സിറ്റി, കൊച്ചിന്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ സെനറ്റംഗമായിരുന്നു. ഉത്തര്‍പ്രദേശിലെ ഡെറാഡൂൺ കോര്‍ട്ട് ഓഫ് ഫോറസ്ട്രി കോളേജ്, കൊച്ചിന്‍ യൂണിവേഴ്സിറ്റി എന്നിവങ്ങളിൽ നിയമവകുപ്പിൽ ഫാക്കല്‍റ്റി അംഗമായും പ്രവര്‍ത്തിച്ചു. 1940-കളില്‍ അന്നത്തെ കൊല്ലം രൂപതാ മെത്രാൻ ഡോ. ജെറോം ഫെര്‍ണാണ്ടസിനൊപ്പം സഹകരിച്ച് കൊല്ലം ഫാത്തിമ മാതാ കൊളേജ് സ്ഥാപിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. എറണാകുളത്ത് സെന്‍റ് ആല്‍ബര്‍ട്ട്സ് കോളേജ് , കളമശ്ശേരി സെൻ്റ് പോള്‍സ് കോളേജ് എന്നിവയുടെ ഉപദേശക സമിതിയില്‍ അദ്ദേഹം അംഗമായിരുന്നു.

1944-ല്‍ കൊല്ലത്തെ ശക്തികുളങ്ങരയിലുള്ള സെന്‍റ് ജോസഫ്സ് മിഡില്‍ സ്കൂളില്‍ ഹെഡ് മാസ്റ്ററായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. താമസിയാതെ അദ്ദേഹം തിരുവിതാംകൂര്‍ ഹൈക്കോടതിയില്‍ അഭിഭാഷകനായി എൻറോൾ ചെയ്തു. കൊല്ലത്തെ പഞ്ചായത്ത് കോടതിയുടെ ഓണററി മജിസ്ട്രേറ്റ് കൂടിയായിരുന്നു അദ്ദേഹം. കേരള പ്രസ് സര്‍വീസ്സിന്‍റെ കറസ്പോണ്ടന്‍റായിരുന്നു അദ്ദേഹം. മലയാള രാജ്യം, ദീപിക, ദിനമണി എന്നീ ദിനപത്രങ്ങളുടെ വിദേശകാര്യ ലേഖകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1978 ലെ പിളര്‍പ്പിന് മുമ്പ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക പ്രസിദ്ധീകരണമായിരുന്ന സോഷ്യലിസ്റ്റ് ഇന്ത്യയുടെ ചുമതലയും അദ്ദേഹം വഹിച്ചിരുന്നു.

ഡോ. ഓസ്റ്റിന്‍ സ്വാതന്ത്ര്യ സമര കാലത്ത് തിരുവിതാംകൂര്‍ സ്റ്റുഡന്‍റ്സ് കോണ്‍ഗ്രസില്‍ ചേരുകയും അതിന്‍റെ സംസ്ഥാന കമ്മിറ്റി അംഗമാവുകയും ചെയ്തു. 1949-ല്‍ കൊല്ലം താലൂക്ക് കോണ്‍ഗ്രസ് കമ്മിറ്റിയിലേക്കും അതേ വര്‍ഷം എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 1956-ല്‍ അദ്ദേഹം കെപിസിസിയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും അതിന്‍റെ ജനറല്‍ സെക്രട്ടറിയാവുകയും ചെയ്തു. അതേ വര്‍ഷം തന്നെ അദ്ദേഹം എഐസിസിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു, ആ സ്ഥാനത്ത് അദ്ദേഹം കാല്‍ നൂറ്റാണ്ടോളം തുടര്‍ന്നു. 1960-ല്‍ കെപിസിസി തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി എന്ന നിലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ സംഘാടന ചുമതല വഹിച്ചിരുന്ന അദ്ദേഹം നിര്‍ണായക ഭൂരിപക്ഷത്തോടെ കേരളത്തില്‍ കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തില്‍ കൊണ്ടുവരാന്‍ സഹായിച്ചു. പിന്നീട് 1965-ല്‍ കൊല്ലം ടൗണ്‍ മണ്ഡലത്തില്‍ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കൊല്ലം സീറ്റില്‍ കേരള രാഷ്ട്രീയത്തിലെ അതികായകനായിരുന്ന ടി കെ ദിവാകരനെയായിരുന്നു ഹെന്‍റി ഓസ്റ്റിന്‍ പരാജയപ്പെടുത്തിയത്. ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷമില്ലാത്തതിനാല്‍ മന്ത്രിസഭ രൂപീകരിക്കാതെ നിയമസഭ പിരിച്ചുവിട്ടു.

1969 മുതല്‍ 1977 വരെ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ സേവനമനുഷ്ഠിച്ചു. 1971 ല്‍ ഇന്ദിരാഗാന്ധിയുടെ കീഴില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ രണ്ട് ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായി. മറ്റൊരു ജനറല്‍ സെക്രട്ടറി പിന്നീട് രാഷ്ട്രപതിയായ ഡോ. ശങ്കര്‍ ദയാല്‍ ശര്‍മ്മ ആയിരുന്നു. 1971- ലും 1977 ലും എറണാകുളം ലോക്‌സഭാ മണ്ഡലത്തിൻ്റെ പ്രതിനിധിയായിരുന്നു. ചരൺസിങ് മന്ത്രിസഭയിൽ 1979 ജൂലൈ 30 മുതൽ 1980 ജനുവരി 14 വരെ കേന്ദ്ര വാണിജ്യ-പൊതുവിതരണ വകുപ്പിൻ്റെ സഹമന്ത്രിയായിരുന്നു. 1980 ൽ നടന്ന ലോക സഭാ തെരഞ്ഞെടുപ്പിൽ ഡോ.ഹെൻട്രി ഓസ്റ്റിൻ പരാജയപ്പെടുകയുണ്ടായി. കോൺഗ്രസ് ( യു ) പാർട്ടിയെ പ്രതിനിധീകരിച്ച് ഇടപക്ഷ മുന്നണി സ്ഥാനാർത്ഥിയായിട്ടായിരുന്നു ഡോ. ഓസ്റ്റിൻ മത്സരിച്ചത്. കോൺഗ്രസ് (ഐ) സ്ഥാനാർത്ഥിയായിരുന്ന ബാരിസ്റ്റർ സേവ്യർ അറക്കലായിരുന്നു എതിർ സ്ഥാനാർത്ഥി.

1936 മുതല്‍ അദ്ദേഹം ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്‍റെ പ്രാരംഭകാല നേതാവായിരുന്ന ശ്രീ. കണ്ണന്തോടത്ത് ജനാര്‍ദനന്‍ നായര്‍ക്കൊപ്പം 1938-ല്‍ തന്നെ അദ്ദേഹം ട്രേഡ് യൂണിയനുകള്‍ സ്ഥാപിച്ചു. തീരദേശ കേരളത്തിന്‍റെയും അവിടത്തെ ജനങ്ങളുടെയും വികസനത്തിന് വേണ്ടി ആദ്ദേഹം കഠിനമായി പരിശ്രമിച്ചിരുന്നു. ഒരു പാര്‍ലമെന്‍റെറേറിയന്‍ എന്ന നിലയില്‍ അദ്ദേഹം അഞ്ചാം ലോക്സഭയില്‍ തന്‍റെ വ്യക്തിമുദ്ര പതിപ്പിച്ചു. കേരളത്തിന്‍റെ വികസനവുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങള്‍ അദ്ദേഹം പാര്‍ലമെന്‍റില്‍ ഉന്നയിച്ചു; കൊച്ചിന്‍ ബൈപാസ്, എറണാകുളം ലിങ്ക് റോഡ്, നാഷണല്‍ ഹൈവേ 17 – കുറ്റിപ്പുറം – എറണാകുളം റോഡ്, കൊച്ചിയിലെ അന്താരാഷ്ട്ര വിമാനത്താവളം, കൊച്ചിയിലെ സ്വതന്ത്ര വ്യാപാര തുറമുഖം, കൊച്ചിയിലേക്കുള്ള ഫിഷറീസ് ഹാര്‍ബര്‍ എന്നിവ പ്രത്യേകം പരാമര്‍ശിക്കാവുന്നതാണ്.

ഡോ. ഓസ്റ്റിന്‍ ശ്രീലങ്കയില്‍ നടന്ന കോമണ്‍വെല്‍ത്ത് പാര്‍ലമെന്‍ററി അസോസിയേഷന്‍റെ ഇരുപതാമത് സമ്മേളനത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്‍ററി പ്രതിനിധി സംഘത്തെ നയിച്ചു. ശ്രീലങ്കയില്‍, കോമണ്‍വെല്‍ത്ത് പാര്‍ലമെന്‍ററി അസോസിയേഷന്‍റെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മൂന്ന് വര്‍ഷത്തേക്ക് ഏഷ്യയുടെ റീജിയണല്‍ കൗണ്‍സിലറായി.

സാമൂഹികവും സാംസ്കാരികവുമായ പ്രവര്‍ത്തനങ്ങളിൽ സജീവമായി ഭാഗഭാഗിത്വം വഹിച്ചിരുന്നു. മതേതരത്വത്തിന്‍റെയും സാമൂഹിക നീതിയുടെയും അടിയുറച്ച വക്താവായിരുന്നു ഡോ. ഓസ്റ്റിൻ. ന്യൂനപക്ഷങ്ങള്‍, പട്ടിക വിഭാഗങ്ങൾ, മറ്റു പിന്നാക്ക വിഭാഗങ്ങൾ, തൊഴിലാളികള്‍, വിമുക്തഭടന്മാര്‍ എന്നിവര്‍ക്കായുള്ള എഐസിസി സെല്ലുകള്‍ അദ്ദേഹം പരിപാലിച്ചു.

പോര്‍ച്ചുഗലിലെ ഇന്ത്യന്‍ അംബാസഡര്‍ ആയി 1987-ല്‍ രാജീവ് ഗാന്ധി സർക്കാർ നിയമിച്ചു. ഗോവ വിമോചനത്തിനു ശേഷം നിലനില്‍ക്കുന്ന ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ആഴത്തിലാക്കുന്നതിനുമായി ഡോ. ഡോ. ഓസ്റ്റിന് പ്ലെനി പൊട്ടന്‍ഷ്യല്‍ പവറുകളുrള്ള ഒരു ‘എ’ ഗ്രേഡ് അംബാസഡര്‍ പദവി ലഭിച്ചു. രണ്ടുവര്‍ഷത്തെ കാലാവധി പിന്നീട് മൂന്നുവര്‍ഷമായി നീട്ടി. എന്നാല്‍ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ്, തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്‍റെ പരാജയത്തിന്‍റെയും രാജീവ് ഗാന്ധി സര്‍ക്കാരിന്‍റെ തുടര്‍ന്നുള്ള രാജിയുടെയും ഫലമായി ഡോ. ഓസ്റ്റിന്‍ തന്‍റെ സ്ഥാനം രാജിവച്ചു. 1993 മുതല്‍ 1999 വരെ കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ അംഗമായി പ്രവര്‍ത്തിച്ചു.

ഫിർസച്ചൻ്റെ നേതൃത്വത്തിൽ ചെല്ലാനം മറുവക്കാട് പ്രദേശത്തുണ്ടായിരുന്ന ഒരു ഡസനിലധികം എണ്ണം ചാരായഷാപ്പുകൾ അടച്ചുപൂട്ടുന്നതിനായി നടന്ന ശക്തമായ സമരത്തെ ഒത്തുതീർക്കുന്നതിനായി ഡോ. ഓസ്റ്റിൻ നിർണ്ണായക നേതൃത്വം വഹിക്കുകയുണ്ടായി. ഇക്കാര്യം ഫിർമൂസച്ചൻ ‘ ചിറകിൻ കീഴിൽ ‘ എന്ന തൻ്റെ ഓർമ്മക്കുറിപ്പിൽ നന്ദി പൂർവ്വം സ്മരിക്കുന്നുണ്ട്. കെ.ആർ.എൽ.സി.സി.യുടെ പ്രാരംഭകാലം മുതൽ തൻ്റെ മരണം വരെ അംഗമായിരുന്നു.

സജീവ സാമൂഹിക പ്രവര്‍ത്തകയായ ഗ്രേസ് ഓസ്റ്റിൻ ആയിരുന്നു ഭാര്യ ഗ്രേസ് മഹിളാ കോണ്‍ഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ കണ്‍വീനറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജയില്‍വാസം അനുഭവിക്കുകയുണ്ടായി. . ദമ്പതികള്‍ക്ക് എട്ട് മക്കളുണ്ടായിരുന്നു, മൂന്ന് ആണ്‍മക്കളും അഞ്ച് പെണ്‍മക്കളും.

2008 മെയ് 15-ന് എൺപത്തിയെട്ടാം വയസ്സിൽ അന്തരിച്ചു.

Dr. Henry Austin