പി. എ. ഫെലിക്സ്
1925 – 1996
ഒരു ആശയത്തിൻ്റെ കൂടെ ജനങ്ങൾ യാത്ര ചെയ്യുമ്പോഴാണ് ഒരു പ്രസ്ഥാനം രൂപീകൃതമാകുന്നത്. അതു കൊണ്ടു തന്നെ കാത്തലിക് അസോസിയേഷൻ്റെ (കെ.എൽ.സി.എ.) ദർശനങ്ങളും സാമൂഹ്യ യാഥാർത്ഥ്യങ്ങളോടുള്ള പ്രതികരണങ്ങളും സമുദായാംഗങ്ങളിലേക്ക് വിനിമയം ചെയ്യപ്പെടേണ്ടത് വർത്തമാന കാലത്തിൻ്റെ അനിവാര്യത കൂടിയാണ്. ഈ യാഥാർത്ഥ്യം മനസിലാക്കി സമുദായ ബോദ്ധ്യവും പ്രവർത്തനങ്ങൾക്ക് ഊർജ്ജവും ഉന്മേഷവും പകർന്ന് കടന്നു പോയ നേതാവാണ് പയ്യപ്പിള്ളി അന്തൊഫെലിക്സ് എന്ന പി. എ. ഫെലിക്സ്.
എറണാകുളം ജില്ലയുടെ വടക്കേ അതിർത്തി ഗ്രാമമായ പുത്തൻവേലിക്കര ഗ്രാമപഞ്ചായത്തിൽ ചാത്തേടം തുരുത്തിപ്പുറം സെൻറ് ഫ്രാൻസിസ് അസീസി ഇടവകയിലെ പ്രമുഖമായ പയ്യപ്പിള്ളി കുടുംബത്തിൽ ചീക്കു ഔസോ (അന്തൊ) – എൽസമ്പത്ത് ദമ്പതികളുടെ രണ്ട് ആൺമക്കളിൽ ഇളയ മകനായി 1925 നവമ്പർ 11 ന് പി. എ. ഫെലിക്സ് ജനിച്ചു. മൂന്നാമത്തെ വയസിൽ മാതാവും ഏഴാമത്തെ വയസിൽ പിതാവും നഷ്ടപ്പെട്ട ഈ മക്കളെ മുത്തശ്ശൻ ചീക്കുവാണ് വളർത്തിയത്. പഠനത്തിൽ ഏറെ മികവു കാട്ടിയിരുന്ന അദ്ദേഹം ഡിഗ്രി പാസ്സായതിനു ശേഷം മദ്രാസിൽ നിന്നും C. A. പാസാകുകയും തുടർന്ന് കൊല്ലം ഫാത്തിമ കോളേജിൽ കുറച്ചു കാലം അദ്ധ്യാപകനായും പ്രവർത്തിച്ചു. കേരളത്തിലെ ലത്തീൻ സമുദായത്തിൽ നിന്നും ആദ്യമായി ചാർട്രേഡ് അക്കൗണ്ടൻറായ (1954) വ്യക്തിയാണ്. ഭാര്യ – കൂടാരപ്പിള്ളി പുത്തൻവീട് കുടുംബാംഗം എൽസിയാണ് സർവ്വശ്രീ ഡാളി, ബീന, ബോബൻ, സജീവ്, ബ്ലെയ്സ് എന്നിവരാണ് മക്കൾ. അദ്ദേഹം സി.എ.പാസായ ശേഷം പ്രവൃത്തി മണ്ഡലം എറണാകുളത്തായതോടെ കുടുംബവും എറണാകുളത്ത് സ്ഥിരതാമസമാക്കി.
എറണാകുളത്ത് ബ്രോഡ് വെയിൽ സ്വന്തമായി ഓഫീസ് സ്ഥാപിച്ച് പ്രവർത്തനമാരംഭിച്ച അദ്ദേഹം അക്കാലത്തെ പ്രമുഖമായ തള്ളിയത്ത് & ജേക്കബ്സ് എന്ന ചർട്രേഡ് സ്ഥാപനത്തിൻ്റെ പാർട്ട് നറുമായിരുന്നു. അക്കാലത്ത് വളരെ സ്തുത്യർഹമായി പ്രവർത്തിച്ചിരുന്ന ആർച്ച് ഡയോഷ്യൻ ക്ലബ്ബിൻ്റെ ഭാരവാഹിയായിരുന്നു. ലത്തീൻ സമുദായത്തിൻ്റെ ജിഹ്വ എന്നറിയപ്പെട്ടിരുന്ന കേരള ടൈംസ് ദിനപത്രത്തിൻ്റെ നടത്തിപ്പ് കേരള കൾച്ചറൽ സൊസൈറ്റിയുടെ ഡയറക്റ്ററായും അദ്ദേഹം പ്രവർത്തിച്ചു. ഇക്കാലത്ത് എറണാകുളത്തെ പ്രമുഖർ മാത്രം പങ്കാളിത്തം വഹിച്ചിരുന്ന ലോട്ടസ് ക്ലബ്ബിലെ അംഗം കൂടിയായിരുന്നു.
1967ൽ രൂപീകൃതമായ ( പുന:സംഘടിപ്പിച്ച ) വരാപ്പുഴ അതിരുപത കാത്തലിക് അസോസിയേഷൻ്റെ ‘പ്രഥമഭാരവാഹികളായിരുന്ന സർവ്വശ്രീ ജെ. ഡി. വേലിയാത്ത് (പ്രസിഡൻ്റ്) ഡോ. ഇ. പി. ആൻറണി (സെക്രട്ടറി) എന്നിവരോടൊപ്പം ഖജാൻജിയായി തെരഞ്ഞെടുക്കപ്പെട്ടതോടുകൂടിയാ
1981ൽ കേരള പട്ടികജാതി-പട്ടികവർഗ – പിന്നോക്ക സമുദായഫെഡറേഷൻ്റെ സംസ്ഥാന ജന.സെക്രട്ടറിയായും പ്രവർത്തിച്ചു. എസ്.എൻ.ഡി.പി.യോഗം പ്രസിഡൻ്റ് ഡോ.കെ.കെ.രാഹുലനായിരുന്നു ഫെഡറേഷൻ്റെ പ്രസിഡൻ്റ്. 1982- 83 കാലഘട്ടത്തിൽ പെഴ്സീൻ നെറ്റ് എന്ന വല ഉപയോഗിച്ചുള്ള മത്സ്യ ബന്ധനം പരമ്പരാഗത മത്സ്യത്തൊഴിലാളികളെ നിത്യ ദാരിദ്ര്യത്തിലാക്കി. സർക്കാരും രാഷ്ട്രീയ കക്ഷികളും ഈ വിഷയത്തിൽ ഇടപെടാതെ മാറി നിന്നപ്പോൾ കാത്തലിക് അസോസിയേഷനും കെ.സി.വൈ.എം.ഉം മത്സ്യത്തൊഴിലാളികളോട് പക്ഷം ചേർന്നു കൊണ്ട് തീരദേശ പദയാത്രകളും വിവിധങ്ങളായ സമരപരിപാടികളും നടത്തിയപ്പോൾ അതിൻ്റെ മുൻപന്തിയിൽ ശ്രീ ഫെലിക്സ് ഉണ്ടായിരുന്നു.
1984 ൽ കെ.എൽ.സി.എ. ആരംഭിച്ച വിദ്യാഭ്യാസ എൻഡോവ്മെൻറ് ഫണ്ടിൻ്റെ പ്രവർത്തനം ഊർജിതമാക്കുകയും തുടക്കത്തിൽത്തന്നെ രണ്ടു ലക്ഷം രൂപ പിരിച്ചെടുക്കുവാനും കഴിഞ്ഞത് അദ്ദേഹത്തിൻ്റെ നേതൃത്വ മികവായിരുന്നു. വലിയൊരു പ്രാസംഗികനായിരുന്നില്ലെങ്കിലും സഹപ്രവർത്തകരെ അംഗീകരിച്ച് അവരെ ഒപ്പം നിർത്തുവാനും അവരെ പരമാവധി ഉയർത്തിക്കൊണ്ടുവരുവാനും എന്തു സഹായവും ചെയ്തു കൊടുത്തിരുന്നു
എറണാകുളത്ത് ഏറെ തിരക്കുള്ള ഒരു ചാർട്രേഡ് അക്കൗണ്ടൻ്റായിരുന്നിട്ടും സമുദായ പ്രവർത്തനത്തിന് സമയം കണ്ടെത്തുന്നതിൽ അതീവ ജാഗ്രത പുലർത്തിയിരുന്നു. ലത്തീൻ കത്തോലിക്കർക് രാഷ്ട്രീയ സംഘടന വേണമെന്ന കാഴ്ചപ്പാടിൽ രൂപീകരിച്ച ഐ.എൽ.സി.യുടെ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. KLF 2855 നമ്പറിലുള്ള കറുത്ത അമ്പാസഡർ കാർ എത്തിച്ചേരാത്ത ഇടവകകൾ അക്കാലത്ത് വരാപ്പുഴ അതിരൂപതയിൽ ഉണ്ടായിരുന്നില്ല എന്നു വേണമെങ്കിൽ പറയാം. വ്യക്തി ബന്ധങ്ങൾ വളർത്തുന്നതിലും അവ പരിപോഷിപ്പിച്ചു നിർത്തുന്നതിലും ഏറെ തല്പരനായിരുന്നു. പിന്നീട് പൊതുപ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിന്ന അദ്ദേഹം 1996 ജനുവരി 24 ന് ഇഹലോകവാസം വെടിഞ്ഞു. സമുദായത്തിൻ്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് സമുദായ സംഘടനയുടെ അനിവാര്യത മനസിലാക്കി പ്രവർത്തിച്ച അദ്ദേഹത്തിന് സഭയിൽ നിന്നോ- സമുദായത്തിൽ നിന്നോ അർഹമായ അംഗീകാരം ലഭിച്ചില്ല എന്നത് ഖേദകരമാണ്.
അലോഷ്യസ് പി.ആർ., പനക്കൽ