1934-2013 |

ഫിർമൂസച്ചൻ എന്നറിയപ്പെടുന്ന ഫാദർ ഫിർമൂസ് കാച്ചപ്പിള്ളി ഒ. സി. ഡി., നിഷ്പാദുക കർമ്മലീത്ത സന്യാസസമൂഹം, മഞ്ഞുമ്മൽ പ്രോവിൻസിലെ ഒരു വൈദികനായിരുന്നു. സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിൽ സജീവവും നിർണ്ണായകവുമായ ഇടപെടലുകൾ നടത്തി തനിമയാർന്ന സംഭാവനകൾ നൽകിയ ഉജ്ജ്വല വ്യക്തിത്വത്തിനുടമയായിരുന്നു ഫിർമൂസച്ചൻ. പ്രഭാഷകൻ, ധ്യാനഗുരു, മാതൃകാപുരുഷനായ അജപാലകൻ, സഭാ നവീകരണത്തിനു നേതൃത്വം നൽകിയ വ്യക്തി എന്നീ നിലകളിൽ മാത്രമല്ല, സാമൂഹികപരിഷ്കർത്താവ്, ജനകീയ സമരനായകൻ, തൊഴിലാളിസംഘാടകൻ, യുവജന ഉത്തേജകൻ, സമുദായപ്രവർത്തകൻ, വിദ്യാർത്ഥി പ്രവർത്തകൻ, പത്രാധിപർ, ചരിത്രകാരൻ, നാടകരചയിതാവ്, സംവിധായകൻ, അഭിനേതാവ് എന്നിങ്ങനെയുള്ള വിവിധ നിലകളിലും വ്യക്തിമുദ്രപതിപ്പിക്കാൻ ഫിർമൂസച്ചന് സാധിച്ചിട്ടുണ്ട്.

കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ ഔദ്യോഗിക യുവജനസംഘടനയായ കേരള കാത്തലിക്ക് യൂത്ത് മൂവ്മെൻറി (കെ. സി. വൈ. എം.) ൻറെ പ്രാരംഭകരിൽ ഒരാളും, ആ പ്രസ്ഥാനത്തിൻറെ ദാർശനീകാടിത്തറ രൂപപ്പെടുത്താൻ സുപ്രധാന നേതൃത്വം വഹിച്ചിട്ടുള്ളയാളുമാണ് ഫിർമൂസച്ചൻ. കെ. സി. വൈ. എം. സംസ്ഥാന സമിതിയുടെ ഡയറക്ടർ ആയി (1981- 1982) സേവനം ചെയ്തിട്ടുണ്ട്. വരാപ്പുഴ അതിരൂപതാ കത്തോലിക്ക യുവജനപ്രസ്ഥാനത്തിൻറെ സ്ഥാപക ഡയറക്ടർ (1974- 1987) ആയിരുന്നു. ചെല്ലാനം മറുവക്കാട് കർമ്മാലാശ്രമത്തിനു (1988) തുടക്കം കുറിച്ചത് ഫിർമൂസച്ചനായിരുന്നു. ഇന്നുള്ള ഏലൂർ സെൻറ് ആൻറണീസ് ദേവാലയം (1977) നിർമ്മിക്കുന്നതിനു നേതൃത്വം നൽകിയത് വികാരിയായിരുന്ന ഫിർമൂസച്ചനായിരുന്നു. ‘മഞ്ഞുമലകൾ പൂത്തപ്പോൾ’ (ചരിത്രം), ‘ചിറകിൻ കീഴിൽ’ (ഓർമ്മ), ‘അത്തിമരം പൂത്തപ്പോൾ’ (നാടകം) എന്നിവയാണ് പ്രസിദ്ധീകൃതമായ കൃതികൾ. സഭാ- സാമൂഹിക വിഷയങ്ങളെ പുരസ്കരിച്ച അനേകം ലേഖനങ്ങൾ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടൂണ്ട്. നിരവധി നാടകങ്ങൾ രചിച്ചിട്ടുണ്ട്. ജീവിതാവസാനം വരെ ലാളിത്യം കാത്തുസൂക്ഷിച്ച, തന്നെത്തന്നെ പൂർണ്ണമായി സമർപ്പിച്ച കർമ്മലീത്താ വൈദികനായിരുന്നു ഫിർമൂസച്ചൻ.

1934 ആഗസ്റ്റ് 29 നാണ് കോട്ടയം നാഗമ്പടം കാച്ചപ്പിള്ളി ജോസഫിൻറെയും റോസമ്മയുടെയും മകനായി ഫിർമൂസ് ജനിച്ചത്. ആഞ്ചലോസ് എന്നതായിരുന്നു ജ്ഞാനസ്നാനപേര്. പതിനാല് മക്കളിൽ ഒൻപതാമൻ ആയിരുന്നു ആഞ്ചലോസ്. ഇവരിൽ മൂന്ന് ആൺമക്കൾ വൈദികരും ഒരു മകൾ സന്യാസിനിയുമായി. കൊടുങ്ങല്ലൂർ – തുരുത്തിപ്പുറം പ്രദേശത്തു നിന്നും ചേരാനെല്ലൂരിലേക്കു പത്തൊൻപതാം നൂറ്റാണ്ടിൻറെ രണ്ടാം പകുതിയിൽ കുടിയേറിയവരായിരുന്നു ഫിർമൂസച്ചൻറെ പിതാമഹൻ. പിതാവ് ജോസഫ് ജോലി സംബന്ധിയായ ആവശ്യത്തിനായി ചേരാനെല്ലൂർ നിന്നും കോട്ടയത്തേക്ക് പോയി. അധികം വൈകാതെ കുടുംബവും (ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യദശകത്തിൽ) കോട്ടയത്തേക്ക് താമസം മാറ്റി. സ്പാനിഷ് കർമ്മലീത്താ വൈദികർക്കൊപ്പമായിരുന്നു ജോസഫ് പ്രവർത്തിച്ചത്. കർമ്മലീത്തരുടെ പ്രവർത്തനം വഴിയായിരുന്നു 1930 ൽ വിജയപുരം രൂപത നിലവിൽ വന്നത്. ജോസഫ് തൻറെ സേവനം വിജയപുരം രൂപതയിലും തുടർന്നു. റെയിൽവെയ്ക്കായി വീട് ഏറ്റെടുത്തപ്പോഴാണ് ഇടപ്പള്ളിയിലേക്ക് താമസം മാറ്റിയത്.

ജ്യേഷ്ഠസഹോദരൻ ഫാദർ ജോസഫ് കാച്ചപ്പിള്ളിക്കൊപ്പം താമസിച്ചാണ് ആഞ്ചലോസ് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ദലിത് വിഭാഗങ്ങളോടും കർഷകത്തൊഴിലാളികളോടുമുള്ള ആഭിമുഖ്യം അക്കാലത്ത് തന്നെ പ്രകടിപ്പിച്ചിരുന്നു. കർമ്മലീത്ത വൈദികനായിരുന്ന ഫാ. ജെറോം പയ്യപ്പിള്ളി, ഫാ. ജോസഫ് വടക്കൻ എന്നിവരുടെ ജീവിതം ചെലുത്തിയ സ്വാധീനത്തിലാണ്, അല്പം വൈകിയാണെങ്കിലും, ആഞ്ചലോസ് സന്യാസത്തിലേക്കുള്ള ദൈവവിളി സ്വീകരിച്ചത്. 1959 മാർച്ച് 19 നു പ്രഥമ വ്രതവാഗ്ദാനവും 1963 മാർച്ച 19 നു നിത്യവ്രതവഗ്ദാനവും നടത്തി. വൈദിക പട്ടം സ്വീകരിച്ചത് 1967 ഡിസംബർ 18 നായിരുന്നു.
കാന്തല്ലൂർ പയസ്സ് നഗർ സെമിനാരിയിലെ മലയാളം അദ്ധ്യാപകനായി ആദ്യം നിയമിക്കപ്പെട്ടു. തുടർന്നു ചെറുപുഷ്പം, തിരുഹൃദയ ദൂതൻ മാസികയുടെ പത്രാധിപർ. കുറച്ചുകാലം കേരള ടൈംസ് പത്രാധിപസമിതി അംഗമായി പ്രവർത്തിച്ചു. ഇക്കാലത്താണ് കേരളത്തിൽ ആദ്യത്തെയെന്നു വിശേഷിപ്പിക്കാവുന്ന യുവജനസാഹിത്യ പരിശീലന കളരിയുടെ സംഘാടകനായി മോൺ. ജോർജ്ജ് വെളിപ്പറമ്പിലിനോടൊപ്പം പ്രവർത്തിച്ചത്.
1972 ജൂലായ് 8 നു വരാപ്പുഴ അതിരൂപതാ കെ സി എസ് എൽ ഡയറക്ടറായി നിയമിക്കപ്പെട്ടു. 1974 ൽ അതിരൂപതാ യൂത്ത് ഡയറക്ടറായി നിയമിക്കപ്പെട്ടു. കെ സി വൈ എം ൻറെ രൂപീകരണത്തിനു അതിരൂപതാ തലത്തിലും സംസ്ഥാന തലത്തിലും നേതൃത്വം നൽകി. 1981- ’82 ൽ കെ സി വൈ എം സംസ്ഥാന ഡയറക്ടർ, കെ എൽ എം സംസ്ഥാന ഡയറക്ടർ എന്നീ പദവികൾ വഹിച്ചു. 1974 മുതൽ കെ എൽ സി എ യുടെ സഹയാത്രികനായി പ്രവർത്തിച്ചു. 1982 –’83 വർഷങ്ങളിൽ നടന്ന പാതാളം ബണ്ട് സമരത്തിൽ സജീവമായി പങ്കെടുത്തു.

1979 മുതൽ മോൺ. പോൾ അറക്കൽ, മോൺ. ആൽബർട്ട് പരിശവിള എന്നിവരുടെ നേതൃത്വത്തിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളി ഫെഡറേഷനുമായി സഹകരിച്ചു പ്രവർത്തിക്കാൻ ആരംഭിച്ചു. ഫെഡറേഷൻറെ എറണാകുളം ജില്ലാ പ്രസിഡണ്ടായി പ്രവർത്തിച്ചു. 1984 ൽ കേരളം മുഴുവൻ ആഞ്ഞടിച്ച മത്സ്യത്തൊഴിലാളി സമരത്തിൽ കെ സി വൈ എം നൊപ്പം സജീവമായി പങ്കെടുത്തു. കെ സി വൈ എം വരാപ്പുഴ അതിരൂപതാ ഡയറക്ടർ സ്ഥാനം 1986 ഒഴിഞ്ഞു. പെരുമ്പടപ്പ് കർമ്മലീത്ത ആശ്രമ സുപ്പീരിയർ ആയി നിയമിക്കപ്പെട്ടു. പയസ്സ്നഗർ, മഞ്ഞുമ്മൽ, എറണാകുളം, പെരുമ്പടപ്പ്, ഉണിച്ചിറ എന്നീ കർമ്മലീത്ത ആശ്രമങ്ങളിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. മറുവക്കാട് കടപ്പുറത്ത് ചെറ്റക്കുടിലിൽ (1988 ഒക്ടോബർ 16) ഒരു ആശ്രമം സ്ഥാപിച്ച് ഒറ്റയ്ക്ക് താമസം തുടങ്ങി. മത്സ്യത്തൊഴിലാളികൾ ഉൾപ്പടെയുള്ള തീരദേശവാസികൾക്കായുള്ള പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ഇക്കാലത്ത് നേതൃത്വം കൊടുത്ത വലിയ സമരമായിരുന്നു ചെല്ലാനം പ്രദേശത്തെ ചാരായ നിരോധന സമരം. ഏലൂർ, കുരിശിങ്കൽ, കാക്കനാട് എന്നീ ഇടവകകളിൽ വികാരിയായി സേവനം ചെയ്തിട്ടുണ്ട്.

വരാപ്പുഴ അതിരൂപതയുടെ മൈനർ സെമിനാരിയിൽ സ്പിരിച്വൽ ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. ക്രിസ്ത്യൻ സർവ്വീസ് സൊസൈറ്റിയുടെ ആദ്ധ്യത്മിക ഉപദേഷ്ടാവായി പ്രവർത്തിച്ചു. വേളങ്കണ്ണി തീർത്ഥാടന കേന്ദ്രത്തിൽ മലയാളം ചാപ്ലിനായി (1988- ’89) പ്രവർത്തിക്കുകയുണ്ടായി. 2013 ജൂലായ് 26 നു അന്തരിച്ചു. ചരമ ശുശ്രൂഷാ കർമ്മത്തിനു കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ, ബിഷപ്പ് ജോസഫ് കരിയിൽ, ബിഷപ്പ് ഡോ. ജോസഫ് കരിയിൽ എന്നിവർ നേതൃത്വം നൽകി. അനുശോചന സമ്മേളനത്തിൽ ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരി, കേന്ദ്രമന്ത്രി പ്രൊഫ. കെ വി തോമസ്, അഡ്വ. ജോയി എബ്രഹാം എം. പി., സി. പി. എം. ജില്ലാ സെക്രട്ടറി ദിനേശ് മണി തുടങ്ങിയ നിരവധി പ്രമുഖർ സംബന്ധിച്ചു. ഫിർമൂസച്ചനെയും അച്ചൻറെ സംഭാവനകളെയും സ്മരിക്കുന്നതിനും വരുംതലമുറയ്ക്ക് പ്രചോദനം നൽകുന്നതിനുമായിട്ടാണ് അച്ചൻറെ ശിഷ്യഗണങ്ങൾ രൂപം നൽകിയതാണ് ഫാദർ ഫിർമൂസ് ഫൗൺഡേഷൻ (2014).
സഹായക ഗ്രന്ഥങ്ങൾ

1) ഫാ. ഫിർമൂസ് കാച്ചപ്പിള്ളി ഒ സി ഡി, ‘ചിറകിൻ കീഴിൽ’, (2017), Published by ഫാദർ ഫിർമൂസ് ഫൗണ്ടേഷൻ, എറണാകുളം
2) Dr. Augustine Mulloor, Prof Ignatius Gonsalves & Dr. Franacis Pereparambil , ‘A Story of a Mustard Seed: History of Manjummel OCD’, (2022), Published by Manjummel Province OCD