1900 ഫെബ്രുവരി 11 – 1989 ജൂൺ 10
അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട ദിവസം, അതായത് 1975 ജൂൺ 25 ന് ദേശിയ പതാകയുമായി ഒറ്റയ്ക്കൊരു മനുഷ്യൻ നടത്തിയ പ്രതിഷേധ ജാഥയുടെ ചരിത്രം എറണാകുളം ബോട്ട് ജെട്ടിയ്ക്കുണ്ട്. ശാന്തപ്രകൃതനും എന്നാൽ ആദർശത്താൽ ആത്മബലം സ്വീകരിച്ചവനുമായ അലക്സാണ്ടർ പറമ്പിത്തറയാണ് ആ നേതാവ്. കേരള നിയമസഭാ സ്പീക്കർ എന്ന നിലയിൽ അസാമാന്യശേഷി പ്രകടമാക്കിയ വ്യക്തിയായിരുന്നു അലക്സാണ്ടർ പറമ്പിത്തറ. ഉത്തമ ഗുണവാനായ പൊതു പ്രവർത്തകൻ, ആദർശശാലിയായ രാഷ്ട്രീയ നേതാവ്, സ്വാതന്ത്ര്യസമര സേനാനി, അച്ചടക്ക പാലകനായ ഹെഡ്മാസ്റ്റർ, സമുന്നതനായ പത്രപ്രവർത്തകൻ, കറകളഞ്ഞ ഗാന്ധിയൻ എന്നീ നിലകളിൽ അദ്ദേഹം പ്രശസ്തനായി.
എറണാകുളം ജില്ലയിൽ ചേന്ദമംഗലം പഞ്ചായത്തിൽ ഉൾപ്പെട്ട മനോഹരമായ ഗോതുരുത്ത് എന്ന ഗ്രാമത്തിലുള്ള മാതൃഗൃഹത്തിലായിരുന്നു 1900 ഫെബ്രുവരി 11 ന് അലക്സാണ്ടറുടെ ജനനം. എറണാകുളം പെരുമാനൂർ പറമ്പിത്തറ ലോനൻ – മറിയം ദമ്പതികളുടെ മൂത്ത മകനായിരുന്നു അലക്സാണ്ടർ. അലക്സാണ്ടറുടെ പ്രാഥമിക വിദ്യാഭ്യാസം പെരുമാന്നൂർ സെൻ്റ് ജോർജ് എൽ. പി. സ്ക്കൂളിലായിരുന്നു. തുടർന്ന് എറണാകുളം സെൻ്റ് ആൽബർട്സ് ഹൈസ്ക്കൂൾ, എസ്.ആർ.വി. ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. എറണാകുളം മഹാരാജാസ് കോളെജിൽ നിന്നും ഇൻ്റർ മിഡിയേറ്റ് പ്രശസ്ത നിലയിൽ പാസായി. തൃശ്ശിനാപ്പിള്ളി സെൻ്റ് ജോസഫ് കോളെജിൽ നിന്നും ബി.എ. (ഓണേഴ്സ്) ബിരുദം നേടി. തുടർന്ന് തിരുവനന്തപൂരം ലോ കോളെജിൽ നിയമപഠനം ആരംഭിച്ചെങ്കിലും പഠനം പൂർത്തിയാക്കാനായില്ല. കുമ്പളങ്ങി സെൻ്റ് പീറ്റേഴ്സ് ഹൈസ്ക്കൂളിൽ ജോലിയിൽ പ്രവേശിച്ചു, പ്രധാന അദ്ധ്യാപകനായി. ജോലിയിലിരിക്കെ മദ്രാസ് സെയ്ദാപ്പെട്ട് ടീച്ചേഴ്സ് ട്രെയിനിംഗ് കോളെജിൽ നിന്നുമാണ് എൽ.ടി. ബിരുദം നേടുന്നത്.
ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിൻ്റെ അലയടികൾ നിറഞ്ഞ കാലത്തായിരുന്നു അലക്സാണ്ടർ പറമ്പിത്തറയുടെ വിദ്യാഭ്യാസവും യൗവ്വനവും. ചിന്താശീലനായിരുന്ന അലക്സാണ്ടർ പ്രജാമണ്ഡലത്തിൻ്റെ ഉശിരൻ പ്രവർത്തകനായി. അലക്സാണ്ടർ പറമ്പിത്തറ പൊതുരംഗത്തെത്തിയത് മുൻസിപ്പൽ കൗൺസിലർ എന്ന പദവിയിലൂടെയാണ്. 1947 മുതൽ 1951 വരെ അദ്ദേഹം എറണാകുളം മുൻസിപ്പൽ ചെയർമാൻ ആയി സേവനം ചെയ്തു. മുൻസിപ്പൽ ചെയർമാനായിരുന്ന പറമ്പിത്തറ മാസ്റ്റർ റിക്ഷാ വണ്ടിയിലാണ് ഓഫീസിലേക്കും അവിടെ നിന്ന് പെരുമാന്നൂരിലുള്ള വീട്ടിലേക്കും എത്തിയിരുന്നത്. അദ്ദേഹത്തെ വീട്ടിലെത്തിക്കാൻ റിക്ഷാക്കാർ മത്സരിക്കുമായിരുന്നു. സവാരി കഴിഞ്ഞു വീട്ടിലെത്തിയാൽ കീശയിൽ കൈയിട്ട് എണ്ണി നോക്കാതെ അവർക്ക് പണം നൽകിയിരുന്നു. ദാരിദ്ര്യവും യാതനകളും അനുഭവിക്കുന്ന വിഭാഗമായിരുന്നു റിക്ഷാവണ്ടി വലിക്കുന്ന തൊഴിലാളികൾ.
ഇതിനിടെ അദ്ദേഹം പ്രജാമണ്ഡലം സ്ഥാനാർഥിയായി 1934 ൽ പള്ളുരുത്തി മണ്ഡലത്തിൽ നിന്നു കൊച്ചി നിയമസഭ കൗൺസിലിലേക്ക് മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. 1947 ൽ വീണ്ടും പള്ളുരുത്തി മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. തിരുവതാംകൂർ – കൊച്ചി നാട്ടുരാജ്യങ്ങളുടെ ലയനം നടന്നത് 1949 ജൂലൈ ഒന്നിനായിരുന്നു. പ്രഥമ തെരഞ്ഞെടുപ്പിൽ പള്ളുരുത്തി നിയോജക മണ്ഡലത്തിൽ നിന്നുള്ള എം.എൽ.സി യായി. 1954 ൽ കണയന്നൂർ നിയോജക മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട് തിരു-കൊച്ചി നിയമസഭയിൽ അംഗമായി.
കേരളത്തിലെ രാജവാഴ്ച അവസാനിപ്പിച്ച് 1956 നവംബർ ഒന്നാം തിയ്യതി ഐക്യ കേരളം പിറവിയെടുത്തു. 1957 ഫെബ്രുവരിയിൽ നടന്ന ആദ്യ പൊതു തെരഞ്ഞെടുപ്പിൽ പള്ളുരുത്തി നിയോജകമണ്ഡലത്തിൽ നിന്നും അലക്സാണ്ടർ മത്സരിച്ചു വിജയിച്ചു. വിമോചന സമരത്തെത്തുടർന്ന് 1959 ജൂലൈ 31 ന് ഭരണഘടനയുടെ 356 -ാം വകുപ്പ് അനുസരിച്ച് ഇ.എം.എസ്. നമ്പൂതിരിപ്പാടിൻ്റെ സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ടപതി കേരളത്തിൻ്റെ ഭരണം ഏറ്റെടുക്കുകയുണ്ടായി. 1960 ഫെബ്രുവരി ഒന്നിന് രണ്ടാം കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പള്ളുരുത്തി മണ്ഡലത്തിൽ നിന്നും വീണ്ടും പറമ്പിത്തറ മാസ്റ്റർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ്സും പി.എസ്.പിയും മുസ്ലിം ലീഗും ഒരു മുന്നണിയായിട്ടാണ് മത്സരിച്ചത്. കോൺഗ്രസ്സ് 63 സീറ്റ് നേടിയെങ്കിലും മുഖ്യമന്ത്രിയായത് പി എസ് പി നേതാവായിരുന്ന പട്ടം താണുപിള്ളയായിരുന്നു. സ്പീക്കറായി തെരഞ്ഞടുക്കപ്പെട്ട കെ.എം. സീതി സാഹിബ്ബ് അന്തരിച്ചതിനെ തുടർന്ന് സി.എച്ച്. മുഹമ്മദ് കോയ സ്പീക്കറായി. എന്നാൽ അധികം താമസിയാതെ അദ്ദേഹത്തിന് രാജിവയ്ക്കേണ്ടി വന്നു. 1961 ഡിസംബർ 13 ന് അലക്സാണ്ടർ പറമ്പിത്തറ നിയമസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. ഇതിനിടെ മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ള രാജിവയ്ക്കുകയും കോൺഗ്രസ്സ് നേതാവ് ആർ. ശങ്കർ മുഖ്യമന്ത്രിയുമായി. സംഭവ ബഹുലമായിരുന്ന ഈ കാലയളവിൽ സ്പീക്കറുടെ ചുമതല ഭംഗിയായി പറമ്പിത്തറ മാസ്റ്റർ നിർവ്വഹിച്ചു. ആർ. ശങ്കർ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിനെത്തുടർന്ന് 1964 സെപ്റ്റംബർ 10 ന് മാസ്റ്റർ നിയമസഭാ സ്പീക്കർ സ്ഥാനത്തു നിന്നും രാജിവച്ചു.
1967 ൽ നടന്ന കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 133 അംഗങ്ങളിൽ കോൺഗ്രസ്സിൽ നിന്നും 9 പേർ മാത്രമാണ് വിജയിച്ചത്. നിയമസഭാ കക്ഷി നേതൃസ്ഥാനത്തേക്ക് അലക്സാണ്ടർ പറമ്പിത്തറയുടെ പേരാണ് ഏകകണ്ഠമായി അംഗീകരിക്കപ്പെട്ടത്. എന്നാൽ അദ്ദേഹം ഇത് നിരാകരിക്കുകയും പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിൽ അസംബ്ളിയിൽ പാർട്ടിയെ നയിക്കേണ്ടത് ഒരു പോരാളി ആയിരിക്കണമെന്ന് പറഞ്ഞു കൊണ്ടാണ് കെ. കരുണാകരനെ നിർദ്ദേശിക്കുന്നത്. ഇതോടെയാണ് കേരള രാഷ്ട്രീയത്തിൽ കരുണാകരൻ എന്ന ചാണക്യൻ ഉദയം കൊള്ളുന്നത്. 1969 ലെ കോൺഗ്രസ്സ് പിളർപ്പിനെ തുടർന്ന് പറമ്പിത്തറ മാസ്റ്റർ സംഘടനാ കോൺഗ്രസ്സിലായിരുന്നു. സംഘടനാ കോൺഗ്രസ്സ് കൂടി ഉൾപ്പെട്ട ജനതാ പാർട്ടി സ്ഥാനാർത്ഥിയായി എറണാകുളത്ത് 1977-ൽ അദ്ദേഹം മത്സരിച്ചു. പക്ഷെ, പരാജയപ്പെട്ടു. പിന്നെ അദ്ദേഹം കേരളീയ രാഷ്ട്രീയത്തിൽ നിന്നും പിൻവലിഞ്ഞു.
ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ എറണാകുളം ബോട്ടുജെട്ടിയിൽ നിന്നും ത്രിവർണ്ണപതാകയേന്തി പറമ്പിത്തറ മാസ്റ്റർ ഒറ്റയാൾ ജാഥ നടത്തി. പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അന്ന് അദ്ദേഹം 75 വയസ്സ് പിന്നിട്ട വൃദ്ധനായിരുന്നു.
പറമ്പിത്തറ മാസ്റ്ററുടെ ആദർശ ജീവിതശൈലിയെപ്പറ്റി എ.ഐ.സി.സി ജനറൽ സെക്രട്ടറിയായിരുന്ന കെ പി മാധവൻ നായർ സാക്ഷ്യപ്പെടുത്തുന്നത് ശ്രദ്ധേയമാണ്. “പാർട്ടി ഫണ്ടിൽ നിന്നും തിരഞ്ഞെടുപ്പിനും പ്രചരണത്തിനും കൊടുത്ത പണം ചെലവ് കഴിച്ചു ബാക്കി കൊടുത്തയച്ചു, മാസ്റ്റർ ഒരിക്കൽ. തന്നെയുമല്ല നൽകിയ പണത്തിന്റെ കൃത്യമായ കണക്കും ഹാജരാക്കി. അതിനുമുൻപോ അതിനുശേഷമോ അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല”. എന്തെങ്കിലും ആയിത്തീരാനോ വെട്ടിപ്പിടിക്കാനോ ഒരുങ്ങി പൊതുരംഗത്ത് എത്തുന്നവരിൽ നിന്നും പറമ്പിത്തറ മാസ്റ്ററെ വ്യതിരക്തനാക്കുന്നത് അദ്ദേഹം പ്രകടിപ്പിച്ച പ്രക്ഷോഭബുദ്ധിയായിരുന്നു. അതിലൂടെ ഉണ്ടാകുന്ന നഷ്ടം അദ്ദേഹം ഒരിക്കലും കണക്കാക്കിയിരുന്നില്ല. അതാണ് അദ്ദേഹത്തിൻ്റെ വ്യക്തിവൈശിഷ്ട്യത്തിലെ കാതലായ വശം. വിശാല കൊച്ചി വികസന അതോറിറ്റി നഗര വികസനത്തിനായി പറമ്പിത്തറ മാസ്റ്ററുടെ ഏഴ് ഏക്കർ ഭൂമി അക്വയർ ചെയ്തു. മാസ്റ്റർക്ക് വേറെ ഭൂമിയുണ്ടെന്ന് ന്യായം പറഞ്ഞ് പകരം ഭൂമി നൽകാനുള്ള ബാധ്യതയിൽ നിന്നും അവർ ഒഴിഞ്ഞുമാറി. വില്ലിങ്ടൻ ഐലൻ്റിലേക്കുള്ള തീവണ്ടി പാതയ്ക്ക് വേണ്ടി വഴിമാറി കൊടുത്തതും അലക്സാണ്ടർ തന്നെയായിരുന്നു. അവശേഷിച്ച 68 സെൻറ് ഭൂമി ആയിരുന്നു അദ്ദേഹത്തിൻ്റെ അവസാന കാലത്തെ സ്വത്ത് .
പറമ്പിത്തറ മാസ്റ്റർ തികഞ്ഞ ക്രൈസ്തവനും പരിശുദ്ധ മറിയത്തിന്റെ ഭക്തനുമായിരുന്നു. പരിശുദ്ധ മാതാവിൻ്റെ മുന്നൂറിൽ പരം ചിത്രങ്ങൾ അദ്ദേഹം ശേഖരിക്കുകയും അവ സ്വീകരണ മുറിയിൽ ചില്ലിട്ട് ചുമരിൽ തുക്കിയിടുകയും ചെയ്യ്തിരുന്നു. ജോൺ ഇരുപത്തി മൂന്നാമൻ പാപ്പ 1959 ൽ പറമ്പിത്തറ മാസ്റ്റർക്ക് ബെനമരേന്തി ബഹുമതി സമ്മാനിച്ചു.
പറമ്പിത്തറ മാസ്റ്റർ വിവാഹം ചെയ്തത് പാലാരിവട്ടം പള്ളത്ത് വീട്ടിൽ മേരിയെ ആയിരുന്നു. ഇവരുടെ നിര്യാണത്തെത്തുടർന്ന് 1929 ൽ ചെല്ലാനം ഇടവഴിക്കൽ റോസക്കുട്ടിയെ വിവാഹം ചെയ്തു. രണ്ടാം വിവാഹത്തിലാണ് ആറ് സന്താനങ്ങൾ. ജോൺ ജോസഫ്, മേരി, ജോർജ് പോൾ, എലിസബത്ത്, ഫ്രാൻസീസ് സേവ്യർ, ഡേവിഡ് എന്നിവരാണ് മക്കൾ. ഇവരിൽ ജോർജ്, ജോൺ , ഫ്രാൻസീസ് എന്നിവർ ഇപ്പോൾ ജീവിച്ചിരിപ്പില്ല.
1989 ജൂൺ 10 ന്, 89-ാം വയസ്സിൽ പറമ്പിത്തറ മാസ്റ്റർ ഈ ലോകത്തോട് യാത്ര പറഞ്ഞു. കേരളത്തിൻ്റെ പൊതു മണ്ഡലത്തിൽ അസാധാരണമായ പ്രതിഭാസമായിരുന്നു അലക്സാണ്ടർ പറമ്പിത്തറ. താൻ ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ പ്രായോഗിക ജീവിതത്തിലേക്ക് ആവിഷ്കരിച്ച, ഒരർത്ഥത്തിൽ സത്യാന്വേഷണ പരീക്ഷയായിരുന്നു അദ്ദേഹത്തിൻ്റെ പൊതുജീവിതം.
അദ്ദേഹത്തിൻ്റെ സ്മരണയ്ക്കായി, തേവര-വില്ലിംഗ്ഡൺ ഐലൻഡ് റോഡിനെ തോപ്പുംപടിയിലെ ബിഒടി പാലവുമായി ബന്ധിപ്പിക്കുന്ന അലക്സാണ്ടർ പറമ്പിത്തറ പാലം കമ്മീഷൻ ചെയ്തു.
അവലംബം: അലക്സാണ്ടർ പറമ്പിത്തറ, ആദർശം തന്നെ ജീവിതം | എം. കെ. ശശീന്ദ്രൻ | പ്രണത ബുക്സ്
Alexander Parambithara