(1937 –  2024)

കേരള ലാറ്റിൻ കാത്തലിക് അസ്സോസിയേഷൻ്റെ പ്രാരംഭകാലം (1972) മുതൽ നേതൃനിരയിൽ പ്രവർത്തിച്ചിരുന്ന ധൈഷണിക പ്രതിഭയായിരുന്നു  പ്രൊഫ അബ്രഹാം അറക്കൽ. കെ.എൽ.സി.എ. സംസ്ഥാന വൈസ് പ്രസിഡണ്ടായും ആലപ്പുഴ രൂപതാ പ്രസിഡണ്ടായും  പ്രവർത്തിച്ചിട്ടുണ്ട്. കേരള ലാറ്റിൻ കാത്തലിക്ക് ഹിസ്റ്ററി അസോസിയേഷൻ്റെ രൂപീകരണത്തിൽ പങ്കാളിത്തം വഹിക്കാനും, തൻ്റെ ജീവിതാന്ത്യം വരെ അതിൻ്റെ ഭാരവാഹിയായി തുടരാനും പ്രൊഫസർ അബ്രാഹത്തിന് സാധിച്ചു. കെ. ആർ. എൽ.സി. സി.യുടെ തുടക്കം (2002) മുതൽ അംഗമായിരുന്നു. കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ നയരൂപീകരണത്തിനുള്ള തിങ്ക് ടാങ്കുകളിലൊരാളായി അദ്ദേഹം പ്രവർത്തിച്ചു. ഇന്ത്യൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ അജപാലന സമിതിയായ ഇന്ത്യൻ കാത്തലിക്ക് കൗൺസിലിൻ്റെ വൈസ് പ്രസിഡണ്ടായി (2006 -2009) പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹിക – സഭാ പ്രവർത്തനത്തിനുള്ള അംഗീകാരമായി പ്രൊഫസർ എബ്രഹാം അറക്കലിനെ 2007 ൽ ഷെവലിയർ പദവിയിലേക്ക് ബെനഡിക്ട് പതിനാറാമൻ പാപ്പ ഉയർത്തുകയുണ്ടായി. 2016-ൽ കെ.ആർ. എൽ. സി. സി. ഗുരുശ്രേഷ്ഠ പുരസ്കാരം നല്കി ആദരിച്ചു.

പാലക്കാട് ഗവണ്മെൻ്റ് വിക്ടോറിയ കോളേജ്, ചേർത്തല സെൻ്റ് മൈക്കിൾസ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നീ കോളേജുകളിൽ പ്രിൻസിപ്പാൾ  സ്ഥാനം വഹിച്ചിരുന്നു. ‘സദ്വാർത്ത, ഇന്ത്യൻ കമ്മ്യൂണിക്കേറ്റർ എന്നീ പത്രങ്ങളുടെ പത്രാധിപരായിരുന്നു. അറിയപ്പെടുന്ന സഭാചരിത്ര പണ്ഡിതനായിരുന്നു. സഞ്ചരിക്കുന്ന വിജ്ഞാനകോശം എന്നായിരുന്നു സമൂഹം അറക്കൽ സാറിനെ വിശേഷിപ്പിച്ചിരുന്നത്..

ജീവിതരേഖ

എം.എല്‍.എ.യും അഭിഭാഷകനുമായിരുന്ന ആലപ്പുഴ ചെത്തിയിലെ ഈപ്പന്‍ അറയ്ക്കലിന്‍റെയും ആലപ്പുഴ സെന്റ് ജോസഫ്സ് ഗേള്‍സ് ഹൈസ്കൂള്‍ അധ്യാപിക ഏലിയാമ്മ ഈപ്പന്‍റെയും മൂത്തപുത്രനായി 1937 മാര്‍ച്ച് 4ന് ജനനം. സ്കൂള്‍ വിദ്യാഭ്യാസം ആലപ്പുഴ സനാതന ധര്‍മ്മശാലയില്‍ ആയിരുന്നു. ആലപ്പുഴ എസ്.ഡി. കോളേജില്‍ നിന്നും പ്രീ യൂണിവേഴ്സിറ്റി പാസ്സായി. ബിരുദപഠനത്തിനായി തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ സെന്റ് ജോസഫ്സ് കോളേജില്‍ ചേര്‍ന്നു. 1958 ല്‍ അവിടെ നിന്നും ഭൗതികശാസ്ത്രത്തില്‍ ഓണേഴ്സ് നേടിയതിനെ തുടര്‍ന്ന് മദ്രാസ് ലയോള കോളേജില്‍ അധ്യാപനം ആരംഭിച്ചു.

1958 ന്‍റെ അന്ത്യപാദത്തില്‍ കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജില്‍ അധ്യാപകനായി. 1959 ല്‍ കേരളത്തിലെ സര്‍ക്കാര്‍ കോളേജുകളിലേയ്ക്ക് നിയമനം ലഭിച്ചു. തിരുവനന്തപുരം റീജിയണല്‍ എഞ്ചിനിയറിംഗ് കോളേജില്‍ പഠിപ്പിക്കവേ ഹോസ്റ്റല്‍ വാര്‍ഡനായും പ്രവര്‍ത്തിച്ചു. പിന്നീട്  പാലക്കാട് വിക്ടോറിയ കോളേജ്, തിരുവനനപുരം എഞ്ചിനിയറിംഗ് കോളേജ്, തൃപ്പുണിത്തുറ സംസ്കൃത കോളേജ്, കാസര്‍കോഡ് ഗവണ്‍മെൻ്റ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ അദ്ധ്യാപനം നടത്തി..

1975 ല്‍ ഗവണ്‍മെൻ്റ് കോളേജ് അധ്യാപകരുടെ പ്രതിനിധിയായി കേരള സര്‍വ്വകലാശാല സെനറ്റിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് അസ്സോസിയേഷന്‍ ഓഫ് കേരള ഗവണ്‍മെൻ്റ് കോളേജ് ടീച്ചേഴ്സിന്‍റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന് ഒരേസമയം രണ്ട് യൂണിവേഴ്സിറ്റികളുടെ (കേരള & കാലിക്കറ്റ്) സെനറ്റ് അംഗമായി പ്രവര്‍ത്തിക്കാനുള്ള അപൂര്‍വ്വഭാഗ്യം ലഭിച്ചു. 1979 ഗവണ്‍മെൻ്റ് കോളേജ് അധ്യാപക സംഘടനയില്‍ ഉണ്ടായ പിളര്‍പ്പിനെ തുടര്‍ന്ന് സംഘടനയില്‍ നിന്ന് രാജിവെച്ച് ഗവണ്‍മെന്റ് കോളേജ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍,

കേരള  എന്ന സംഘടനയ്ക്ക് രൂപം നല്‍കി, സ്ഥാാപക പ്രസിഡന്‍റായി പ്രവര്‍ത്തിച്ചു. 1991 മുതല്‍ 1995 വരെ കോഴിക്കോട് സര്‍വ്വകലാശാലയില്‍  തെരഞ്ഞെടുക്കപ്പെട്ട സിന്‍ഡിക്കേറ്റ് അംഗമായി സേവനമനുഷ്ഠിച്ചു. കേരള യൂണിവേഴ്സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസ്  അംഗം, കേരള, കാലിക്കറ്റ് ഏകീകൃത ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, പരീക്ഷാബോര്‍ഡ് ചെയര്‍മാന്‍, പഞ്ചവത്സരപദ്ധതി ഹയര്‍ എഡ്യൂക്കേഷന്‍ ടാസ്ക് ഫോഴ്സ് അംഗം എന്നിവ സജീവ പങ്കാളിയായി.

ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ് ഗവേണിംഗ് ബോര്‍ഡ് അംഗമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജ്, ആലപ്പുഴ സെന്റ് ജോസഫ്സ് കോളേജ് ഫോര്‍ വിമന്‍ എന്നിവിടങ്ങളിലെ ഗവേണിംഗ് ബോഡി അംഗമായും പ്രവർത്തിച്ചു. കേരള പ്രൈവറ്റ് മാനേജ്മെൻ്റ് കോളേജ് അസ്സോസിയേഷന്‍ വൈസ് പ്രസിഡൻ്റ് സ്ഥാനം 1995 മുതല്‍ ദീർഘകാലം വഹിച്ചു. ആലപ്പുഴ ജവഹര്‍ ബാലഭവന്‍ ഭരണസമിതിയംഗം, അമ്പലപ്പുഴ കുഞ്ചന്‍ സ്മാരക ഭരണസമിതി വൈസ് പ്രസിഡന്റ്, സ്റ്റേറ്റ്  ഇന്‍സിറ്റിറ്റ്യൂട്ട്  ഓഫ് ലാംഗ്വേജസ് (ഭാഷാ ഇന്‍സിറ്റിറ്റ്യൂട്ട്) ഗവേണിഗ് കൗൺസില്‍ അംഗം എന്നീ നിലകളിൽ വിവിധ കാലഘട്ടങ്ങളില്‍ പ്രവര്‍ത്തിച്ചു.

 1993 മുതല്‍ 1999 വരെ കത്തോലിക്ക കോളേജുകളുടെ ദേശീയ മേല്‍നോട്ട സമിതിയായ സേവ്യര്‍ ബോര്‍ഡ് ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍ ഇന്‍ ഇന്ത്യയില്‍ അംഗമായിരുന്നു..

ഭൗതികശാസ്ത്ര അധ്യാപകന്‍ എന്നതിൽ മാത്രം ഒതുങ്ങാതെ  ആഴമേറിയ ധൈഷണിക പ്രതിബദ്ധത അദ്ദേഹത്തെ മികച്ച ഒരു ചരിത്രാന്വേഷകനാക്കി മാറ്റി.  1599 ലെ ചരിത്രപ്രസിദ്ധമായ ഉദയംപേരൂര്‍ സൂനഹദോസിന്‍റെ കാനോനകളെ ആസ്പദമാക്കി ‘മുഖരേഖ’യില്‍ എഴുതിയ ലേഖന പരമ്പര അനുവാചകര്‍ക്കിടയിലും കേരളത്തിൻ്റെ പൊതുസമൂഹത്തിലും ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. മാസംതോറുമുള്ള പാര്‍ശ്വവീക്ഷണം വേറിട്ട ഒരു ചിന്തയും ആലോചനയും വായനക്കാരന് സൃഷ്ടിക്കുന്നുണ്ടായിരുന്നു.  പാർശ്വവീക്ഷണത്തിലെ ചില കുറിപ്പുകൾ ഗ്രന്ഥരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്

ആലപ്പുഴയിലെ മുഴുവൻ ജനങ്ങളും ഹൃദയപൂര്‍വ്വം ബഹുമാനിക്കുന്ന വ്യക്തിയാണ് ഏബ്രഹാം അറക്കല്‍. ആലപ്പുഴയിലെ ഏതൊരു സാംസ്കാരിക മുന്നേറ്റത്തിന്‍റെ ഒന്നാം നിരയില്‍ അറയ്ക്കല്‍

സാര്‍ ഉണ്ടായിരുന്നു. 2024 ജനുവരി 16 ന് അന്തരിച്ചു.

 

സഹായക ഗ്രന്ഥങ്ങൾ’:

  1. ഫാ. നെണ്‍സൺ തൈപ്പറമ്പിൽ, ‘ മദ്ധ്യേയിങ്ങനെ‘ (2024), പുസ്തകപ്പുര, ആലപ്പുഴ
  2. ഷെവലിയർ പ്രൊഫ. എബ്രഹാം അറക്കൽ. ‘ പാർശ്വവീക്ഷണം‘ (2024). പ്രണത ബുക്ക്സ്, എറണാകുളം