1902 ജൂണ്‍ 6 – 1963 ജൂലൈ 19

കാല്‍നൂറ്റാണ്ടിലധികം കാലം തിരുവിതാംകൂറിന്‍റെയും കേരളത്തിന്‍റെയും രാഷ്ട്രീയ രംഗത്ത് അജയ്യമായ വ്യക്തിപ്രഭാവത്തോടെ തിളങ്ങിനിന്ന രാഷ്ട്രീയ നേതാവും സ്വാതന്ത്ര്യ സമരസേനാനിയും, മികവാര്‍ന്ന ഭരണാധികാരിയുമാണ് ആനി മസ്ക്രീന്‍. സവിശേഷമായ പ്രവര്‍ത്തനശൈലിയും ധിഷണാശക്തിയും ധീരമായനിലപാടുകളും ആദര്‍ശങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയ രാഷ്ട്രീയ കാഴ്ചപ്പാടും, സമകാലിക രാഷ്ട്രീയരംഗത്തെ നേതാക്കളില്‍ നിന്നും വ്യത്യസ്തമായ വ്യക്തിത്വത്തിന്‍റെ ഉടമയാക്കി മാറ്റി. തിരുവിതാംകൂര്‍ അസംബ്ലിയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട പ്രഥമ വനിത, തിരുകൊച്ചിയിലെ ആദ്യത്തെ വനിതാമന്ത്രി, ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണ സഭയിലെ അംഗം, ഭരണഘടനയുടെ കരട് രേഖയില്‍ ഒപ്പിട്ട ആദ്യ തിരുവിതാംകൂര്‍ സാമാജിക, തെക്കേ ഇന്ത്യയില്‍ നിന്നും ഇന്ത്യയുടെ പാര്‍ലമെന്‍റിലേക്ക് കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതാ സാമാജിക, തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്‍റെ പ്രഥമ ‘ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഏക വനിത, തിരുവിതാംകൂറില്‍ നിന്നും ഉത്തരവാദഭരണ സമരത്തില്‍ ഏറ്റവും അധികംകാലം ജയില്‍വാസം അനുഭവിക്കേണ്ടിവന്ന സ്വാതന്ത്ര്യസമരസേനാനി എന്നീ നിലകളില്‍ ആനി മസ്ക്രീന്‍ ഒരു കാലഘട്ടത്തിന്‍റെ ഇതിഹാസമായി മാറി.

1902 ജൂണ്‍ 6 ന് തിരുവനന്തപുരത്ത് ഒരു ലത്തീന്‍ കത്തോലിക്കാ കുടുംബത്തിലാണ് ആനി മസ്ക്രീന്‍, ജനിച്ചത്. പിതാവ് ഗബ്രിയേല്‍ മസ്ക്രീൻ തിരുവിതാംകൂര്‍ സംസ്ഥാനത്തിലെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. ഹോളി ഏഞ്ചല്‍സ് കോണ്‍വെൻ്റ് ഹൈസ്കൂള്‍, യൂണിവേഴ്സിറ്റി കോളേജ്, ഗവ. ലോ കോളേജ് എന്നിവിടങ്ങളില്‍ നിന്നും പ്രശസ്തമായ രീതിയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1925 ല്‍ സിലോണിലെ സംഗമിത്ര കോളേജില്‍ അധ്യാപികയായി സേവനം ചെയ്തിരുന്നു. ചരിത്രത്തിലും, സാമ്പത്തിക ശാസ്ത്രത്തിലും ഇരട്ട എം.എ. ബിരുദം നേടിയ ആനി മസ്ക്രീന് ഇംഗ്ലീഷ് സാഹിത്യത്തിലും അവഗാഹമുണ്ടായിരുന്നു. നിയമപഠനം പൂര്‍ത്തിയാക്കി, സീനിയര്‍ അഭിഭാഷകരുടെ നേതൃത്വം ഇല്ലാതെ തന്നെ പ്രാക്ടീസ് തുടങ്ങി. തിരുവനന്തപുരത്ത് ആ സമയത്ത് മൂന്നു വനിതകള്‍ മാത്രമേ അഡ്വക്കേറ്റുമാരായി പ്രാക്ടീസ് ചെയ്തിരുന്നുള്ളൂവെന്നത് പ്രത്യേകം ഓര്‍ക്കണം.

ഭാരതത്തിന്‍റെ സ്വാതന്ത്ര്യവും, ദുര്‍ബല വിഭാഗങ്ങളുടെ വിമോചനവും പുരോഗതിയും ജീവിതലക്ഷ്യമായി മുന്നില്‍ കണ്ടുകൊണ്ടാണ് ആനി മസ്ക്രീന്‍ താരതമ്യേന വനിതകള്‍ കടന്നുവരാന്‍ മടിച്ചിരുന്ന, രാഷ്ട്രീയ വേദിയിലേക്ക് എടുത്തുചാടിയത്. സംശുദ്ധ രാഷ്ട്രീയത്തിന്‍റെ നിറചൈതന്യമായിരുന്ന ആനി മസ്ക്രീന്‍ ദേശസേവനത്തിനായി വിവാഹം വേണ്ടെന്നുവച്ച കര്‍മ്മധീരയാണ്.

തിരുവിതാംകൂര്‍ ദിവാന്‍, സര്‍. സി.പി. രാമസ്വാമി അയ്യരുടെ കണ്ണിലെ കരടായിരുന്നു ആനി. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ സജീവമായി പ്രവര്‍ത്തിച്ച 1939 മുതല്‍ 1947 വരെയുള്ള ചുരുങ്ങിയ കാലഘട്ടത്തിനുള്ളില്‍, അഞ്ചുവര്‍ഷത്തില്‍ അധികം ജയിലില്‍ കഴിയേണ്ടിവന്നുവെന്നത് ആനി മസ്ക്രീന്‍ അല്ലാതെ മറ്റൊരു വനിതാ നേതാവും ഉണ്ടെന്ന് തോന്നുന്നില്ല. ലാളിത്യത്തിന്‍റെ ഗാംഭീര്യമാണ് ആനി മസ്ക്രീന്‍റെ ജീവിതത്തിന്‍റെ മുഖമുദ്ര. തിരു ക്കൊ ച്ചി നിയമസഭയില്‍ അംഗങ്ങളുടെ ശബളം വര്‍ധിപ്പിക്കുന്നതിനെതിരെ നിലപാടെടുത്ത ഏക അംഗം ആനി മസ്ക്രീനാണ്. സാധുക്കള്‍ നരകയാതനയില്‍ കഴിയുമ്പോള്‍ സാമാജികര്‍ ശ മ്പ ളവര്‍ധനവിനുവേണ്ടി ആവശ്യം ഉന്നയിക്കുന്നത് പാവപ്പെട്ടവരോടുള്ള വെല്ലുവിളിയായി അവര്‍ സഭയില്‍ വാദിക്കുകയുണ്ടായി.

സമുന്നതയായ സമുദായ നേതാവായിരുന്ന ആനി മസ്ക്രീന്‍, തിരുവിതാംകൂര്‍ ലത്തീന്‍ ക്രിസ്ത്യന്‍ മഹാ സഭയുടെ രണ്ടാമത്തെ ജനറല്‍ സെക്രട്ടറിയുമായിരുന്നു. ലത്തീൻ കത്തോലിക്കാ മഹജന സഭ നിവർത്തന പ്രക്ഷോഭ സംഘാടക സമിതിയിലെ ഒരു അംഗസംഘടനയായിരുന്നു. അതിലൂടെ നിവർത്തന പ്രക്ഷോഭണത്തിൻ്റെ നേതൃനിരയിൽ എത്തി.. സമുദായത്തിന്‍റെ ആവശ്യങ്ങള്‍ അധികാരികളുടെ മുന്നിലെത്തിക്കുന്നതിനും, സംഘടനയെ ശക്തിപ്പെടുത്തുന്നതിനും ആനി മസ്ക്രീന്‍ അക്ഷീണം പരിശ്രമിച്ചു. പക്ഷേ, സമുദായ സ്നേഹവും സേവനവും വിശാലമായ അര്‍ത്ഥത്തിലാണ് അവര്‍ ദര്‍ശിച്ചത്. പൊതു സമൂഹത്തിന്‍റെ ഉന്നമനത്തിലൂടെ തന്‍റെ സമുദായവും രക്ഷപ്പെടും എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് 1938 ല്‍ ആനി മസ്ക്രീന്‍ തിരുവിതാംകൂര്‍ ലത്തീന്‍ ക്രിസ്ത്യന്‍ മഹാസഭയില്‍ നിന്നും രാജിവച്ചു, രാഷ്ട്രീയത്തില്‍ സജീവമായി.

തിരുവിതാംകൂറില്‍ പട്ടം താണുപിള്ള, സി. കേശവൻ, ടി. എം. വര്‍ഗീസ് എന്നിവർക്കൊപ്പം തലയെടുപ്പോടെ മുന്നില്‍നിന്നു പ്രവര്‍ത്തിക്കുന്നതിനുള്ള ചങ്കൂറ്റം ആനിമസ്ക്രീന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയിലെ ഏക വനിതയായ ആനി മസ്ക്രീന്‍ പാര്‍ട്ടി സംവിധാനത്തില്‍ ശക്തയാകുകയും പബ്ലിസിറ്റി കമ്മിറ്റിയുടെ അംഗമെന്ന നിലയില്‍ സ്റ്റേറ്റിനകത്തും പുറത്തും യാത്രചെയ്തു. ദിവാന്‍ സര്‍. സി.പി ക്കെതിരെയും അഴിമതി നിറഞ്ഞ ഭരണ സംവിധാനത്തിനുമെതിരെയും പ്രസംഗങ്ങള്‍ നടത്തി ജനശ്രദ്ധ ആകര്‍ഷിച്ചു. കോണ്‍ഗ്രസിലെ വനിതാ വിഭാഗമായ ദേശസേവികമാരെ സംഘടിപ്പിക്കുന്നതിലും അവര്‍ നേതൃത്വം നല്‍കി. സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായി തിരുവനന്തപുരത്ത് നടത്തിയ പൊതുസമ്മേളനത്തില്‍ പ്രസംഗിച്ചതിന്, രാജ്യദ്രോഹ കുറ്റംചുമത്തി, ആദ്യമായി 1938 ഏപ്രില്‍ 26-ാം തീയതി ആനിയെ ജയിലിലടച്ചു. 1941 നവംബറില്‍ ആനി മസ്ക്രീന്‍ വാര്‍ധ സന്ദര്‍ശിക്കുകയും ഗാന്ധിജിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് അവസരം ലഭിക്കുകയും ചെയ്തു. ഏതാണ്ട് ഏഴുമാസങ്ങളോളം വാര്‍ധയില്‍ താമസിച്ച ആനി മസ്ക്രീന് ദേശീയ നേതാക്കളുമായി പരിചയപ്പെടുന്നതിനും ഗാന്ധിയന്‍ ആശയങ്ങള്‍ നേരിട്ട് മനസ്സിലാക്കുന്നതിനും അവസരം ലഭിച്ചു.

1938 ഏപ്രില്‍ 29 ന് സര്‍ സി.പിയുടെ അനുചരന്മാര്‍ അര്‍ധരാത്രിയില്‍ ആനി മസ്ക്രീന്‍റെ വീട്ടില്‍ അതിക്രമിച്ച് കയറി. , ഇന്ത്യയിലെ മിക്ക ഇംഗ്ലീഷ് പത്രങ്ങളും ആനി മസ്ക്രീന്‍ നേരിടേണ്ടിവന്ന യാതനകളെപ്പറ്റി വാര്‍ത്ത നല്‍കി. സര്‍ സിപിയുടെ ‘അമേരിക്കന്‍ മോഡല്‍’ ഭരണഘടനയെപ്പറ്റി നിശിതമായി വിമര്‍ശിക്കുതിനും, പുന്നപ്ര വയലാര്‍ സമരത്തില്‍ 7000 പേര്‍ കൊല്ലപ്പെട്ടുവെന്ന പ്രസ്താവന പുറപ്പെടുവിച്ചുതിനും, സര്‍ക്കാര്‍ ആനിയെ ആറുമാസം കരുതല്‍ തടങ്കലിലാക്കി. കുറ്റവിചാരണയ്ക്ക് മുമ്പായി നല്‍കിയ നോട്ടീസിന് മറുപടിയായി തന്‍റെ പ്രസ്താവനയില്‍ ഉറച്ചുനിന്ന ആനി മസ്ക്രീന്‍ യാതൊരു തരത്തിലുമുള്ള മാപ്പപേക്ഷയും നല്‍കാന്‍ തയ്യറായില്ല. 299 അംഗങ്ങള്‍ ഉള്ള ഇന്ത്യയുടെ ഭരണഘടന നിര്‍മാണസഭയില്‍ 15 വനിതകള്‍ ആണ് അംഗങ്ങളായുണ്ടായിരുന്നത്. അതില്‍ കേരളത്തില്‍ നിന്നും ഉണ്ടായിരുന്ന മൂന്ന് വനിതാ അംഗങ്ങളില്‍ ഒരാളായിരുന്നു ആനി മസ്ക്രീന്‍. തിരുവിതാംകൂറിൽ നിന്നുള്ള ഏക വനിത അംഗമായിരുന്നു ഭരണഘടന നിര്‍മാണസഭയിലെ അംഗമെന്ന നിലയില്‍ ഭാരതത്തിലെ മഹാന്മാരായ നേതാക്കന്മാരുടെകൂടെ പ്രവര്‍ത്തിക്കുവാനും, ഭരണഘടന നിര്‍മാണ പ്രക്രിയയില്‍ സജീവമായി പ്രവര്‍ത്തിക്കുവാനും അവര്‍ക്ക് കഴിഞ്ഞു.

മൂല്യാധിഷ്ഠിത രാഷ്ട്രീയ പ്രവർത്തനത്തി ല്‍ വിശ്വസിച്ചിരുന്ന ആനി മസ്ക്രീന്‍, അഴിമതിക്കെതിരെ പാര്‍ട്ടിയിലും സര്‍ക്കാരിലും എക്കാലവും പോരാടിയ നേതാവായിരുന്നു. .പറവൂർ ടി. കെ.നാരായണപിള്ള മന്ത്രിസഭയിലെ ആരോഗ്യ, ഊര്‍ജ വകുപ്പുകളുടെ മന്ത്രിയായിരുന്ന ആനി മസ്ക്രീന്‍, തന്‍റെ ഭരണപാടവം തെളിയിച്ച് മുന്നേറി. തന്‍റെ സഹപ്രവര്‍ത്തകനായ ഒരു മന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കപ്പെട്ടപ്പോള്‍, ‘അഴിമതി നിറഞ്ഞ ഈ മന്ത്രിസഭയില്‍ ഇനിയൊരു നിമിഷം പോലും തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’ എന്നറിയിച്ചുകൊണ്ട് മന്ത്രിസഭയില്‍ നിന്നും രാജി സമര്‍പ്പിക്കുകയായിരുന്നു മിസ്. മസ്ക്രീന്‍.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ച ആനി മസ്ക്രീന്‍ 1952 ല്‍ നടന്ന ആദ്യത്തെ പാര്‍ലമെൻ്റ് തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് തിരുവനന്തപുരം മണ്ഡലത്തില്‍നിന്നും വന്‍ ഭൂരിപക്ഷത്തോടെയാണ് അവര്‍ വിജയിച്ചത്. മികച്ച പാര്‍ലമെന്‍റേറിയനായി ശോഭിച്ച മിസ്. മസ്ക്രീന്‍ 1957 ല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയും, തുടര്‍ന്നുള്ളകാലം മുഴുവന്‍ സാമൂഹ്യസേവന ജീവിതം നയിക്കുകയും ചെയ്തു.

സാമ്പത്തിക ഞെരുക്കത്തില്‍ ജീവിക്കേണ്ടിവന്ന അവരുടെ അവസാന കാലഘട്ടത്തില്‍ സ്വാതന്ത്ര്യസമരസേനാനികള്‍ക്കുള്ള പെന്‍ഷനോ, താമ്രപത്രമോ അവരെത്തേടിയെത്തിയതുമില്ല. അതിന് ആരോടും അവര്‍ പരിഭവപ്പെട്ടതുമില്ല. ആയിരക്കണക്കിന് ആള്‍ക്കാരെ തന്‍റെ പ്രസ്ഥാനത്തിലേക്കും സ്വാതന്ത്ര്യസമരത്തിലേക്കും ആകര്‍ഷിച്ച ആനി മസ്ക്രീന്‍റെ അവസാന നാളുകളില്‍ അധികാരികളോ, ആരാധകരോ, അവരെ തിരിഞ്ഞുനോക്കിയില്ലെന്നത് ഒരു ദുഃഖസത്യമായി അവശേഷിക്കുന്നു. 1963 ജൂലൈ 19 -ാം തീയതി തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ സാധാരണ വാര്‍ഡില്‍വച്ച് ഒരു സാധാരണ വ്യക്തിക്കുള്ള അന്ത്യോപചാരങ്ങളോടുകൂടി പാറ്റൂര്‍ പള്ളി സെമിത്തേരിയില്‍ അവര്‍ നിത്യവിശ്രമം കൊള്ളുന്നു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് യാതനകളും പീ ഡ നങ്ങളും ഏറ്റുവാങ്ങി കേരളത്തിന്‍റെ “ഝാന്‍സി റാണി” എന്ന പദവിക്ക് അര്‍ഹയായ ആനി മസ്ക്രീന്, അവര്‍ അര്‍ഹിക്കുന്നരീതിയിലുള്ള ആദരവോ, സ്മാരകങ്ങളോ ഉണ്ടാകേണ്ടിയിരിക്കുന്നു.

തയ്യാറാക്കിയത്: പ്രൊഫ. (ഡോ.) എസ്. റെയ്മൺ

Annie Mascrene