കേരള ചരിത്രത്തെ സംബന്ധിച്ചിടത്തോളം അന്ന് നിലനിന്നിരുന്ന അപരിഷ്കൃതമായ ജാതിവ്യവസ്ഥയ്ക്കെതിരെയുള്ള വിപ്ലവ ആഹ്വാനമായിരുന്നു ഉദയം പേരൂർ സൂനഹദോസെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി. സതീശൻ. ഉദയംപേരൂർ സൂനഹദോസിന്റെ 425-ാം വാർഷികാഘോഷത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം പാലാരിവട്ടം പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ക്രൈസ്തവ ജീവിതക്രമത്തിൻ്റെയും സംസ്ക്കാരത്തിൻ്റെയും മാനിഫസ്റ്റോയാണ് ഉദയംപേരൂർ സൂനഹദോസിൻ്റെ കാനോനകൾ. ക്രൈസ്തവ വിശ്വാസത്തിൻ്റെ സ്വതബോധത്തിലേക്ക് സമൂഹത്തെ നയിക്കാൻ സൂനഹദോസിന് കഴിഞ്ഞു. അക്കാലത്തെ ഭാഷയിൽ എഴുതപ്പെട്ട സുനഹദോസിൻ്റെ കാനോനകൾ ഇന്നത്തെ കാലത്തിലേക്ക് ഭാഷാന്തരം നടത്തിയ പ്രൊഫ. പ്രിമൂസ് പെരിഞ്ചേരി നടത്തിയത് സാഹസികവും വിസ്മയകരമായ ജോലിയാണ് അഡ്വ. വി. ഡി. സതീശൻ ചൂണ്ടിക്കാട്ടി.

വർത്തമാനകാല യാഥാര്ത്ഥ്യങ്ങൾ ഉദയംപേരൂർ സൂനഹദോസിന്റെ കാലാതിവർത്തിയായ പ്രസക്തിക്ക് അടിവരയിടുന്നു എന്ന് വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. പൊതുസമ്മേളനത്തിൽഅദ്ധ്യക്ഷത വഹിക്കുകയായിരുന്നു ആർച്ച്ബിഷപ്പ്. ഉദയംപേരൂർ സൂനഹദോസിൻ്റെ കാനോനകൾ – ആധുനീക മലയാള ഭാഷാന്തരണം എന്ന ഗ്രന്ഥം ജസ്റ്റിസ് മേരി ജോസഫിന് ആദ്യപ്രതി നല്കി അദ്ദേഹം പ്രകാശനം ചെയ്തു.

മലയാളഭാഷാ സാഹീത്യ രംഗത്ത് നാഴികകല്ലായി മാറുന്ന അമൂല്യനിധിയാണ് ഷെവലിയർ ഡോ. പ്രീമൂസ് പെരിഞ്ചേരിയുടെ ഈ രചന. വർഷങ്ങളുടെ അദ്ധ്യാനഫലമാണ് അദ്ദേഹം നിർവ്വഹിച്ച ആധുനീക മലയാളഭാഷാന്തരണമെന്ന് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. സൂനഹദോസ് കാനോനകൾ മുന്നോട്ടു വയ്ക്കുന്ന നവോത്ഥാന ചിന്തകളും, അത് മലയാള ഗദ്യസാഹീത്യത്തിനു നല്കിയ അതുല്യ സംഭാവനകളും വിശ്വാസജീവിതത്തിൽ ചെലുത്തിക്കൊണ്ടിരിക്കുന്ന സ്വാധീനം ഇന്നും അത്രമേൽ നിര്ണ്ണായകങ്ങളാണെന്ന് ആർച്ച് ബിഷപ്പ് വിശദീകരിച്ചു.

കെ.ആർ.എൽ.സി.ബി.സിഹെറിറ്റേജ് കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല, സെക്രട്ടറി ഫാ. ഡോ. ആന്റണി പാട്ടപ്പറമ്പിൽ, ഷെവലിയർ ഡോ. പ്രീമൂസ് പെരിഞ്ചേരി, ഫാ. ജേക്കബ്ബ് പാലക്കപ്പിള്ളി എന്നിവർ പ്രസംഗിച്ചു.

ഉദയംപേരൂർ നിത്യസഹായമാതാ ദേവാലയത്തിൽ നിന്ന് ഉദയംപേരൂർ സൂനഹദോസ് നടന്ന പള്ളിയിലേക്കും തുടർന്ന് പി.ഒ.സിയിലേക്കും നടത്തിയ വിളംബര ഘോഷയാത്രയോടെയായിരുന്നു ആഘോഷങ്ങളുടെ തുടക്കം.

തുടർന്ന് നടന്ന ചരിത്രവിചാരസദസ്സിൽ പ്രശസ്ത ചരിത്രകാരൻ ഡോ. കുര്യാസ് കുമ്പളക്കുഴി (ഉദയംപേരൂർ സൂനഹദോസ് – നവോത്ഥാന സമാരംഭം), കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി. എസ്. ശ്രീകല (മലയാളത്തിലെ ആദ്യ സമ്പൂർണ്ണ ഗദ്യരചന), ഇന്ത്യൻ കാത്തലിക് പ്രസ്സ് അസ്സോസ്സിയേഷൻ പ്രസിഡന്റ് ഇഗ്നേഷ്യസ് ഗൊൺസാൽവസ് (കാലാതിവർത്തിയായ കാനോനകൾ) എന്നിവർ വിഷയാവതരണം നടത്തി. കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മോഡറേറ്ററായിരുന്നു. കെ.ആർ.എൽ.സി.സി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് സ്വാഗതം ആശംസിച്ചു. ഫാ. യേശുദാസ് പഴംമ്പിള്ളി പ്രസംഗിച്ചു.

അഡ്വ. ഷെറി ജെ തോമസ്, ഫാ. ഫ്രാൻസീസ് സേവ്യർ, ഡോ. ചാൾസ് ഡയസ് , ഫാ തോമസ് തറയിൽ, ഷാജി ജോർജ്, ഷേർളി സ്റ്റാൻലി, ബെന്നി പാപ്പച്ചൻ, ഡോ. ഗ്രിഗറി പോൾ, മാത്തച്ചൻ അറക്കൽ, ജോയി ഗോതുരുത്ത്, ഫാ. ക്ലീറ്റസ് കതീർപ്പറമ്പിൽ, ആരുൺദാസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.