1931 – 2020 |

കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നല്കിയ സമുദായ നേതാക്കളിൽ പ്രമുഖനായിരുന്നു ഡോ. ഇ. പി. ആൻ്റണി.

1967ൽ വരാപ്പുഴ അതിരൂപത കാത്തലിക് അസോസിയേഷന് രൂപം നല്കാൻ നേതൃത്വം നല്കി. 1972 ൽ ഷെവലിയർ കെ ജെ ബർലി, ഫാ ജോർജ് വെളിപ്പറമ്പിൽ എന്നിവർക്കൊപ്പം കെഎൽസിഎ യ്ക്ക് രൂപം നല്കി. 1972 ൽ കേരള സർക്കാർ കേരളത്തിലെ സ്വകാര്യ കോളെജുകളെ ദേശാസൽക്കരിക്കാൻ ശ്രമിച്ചപ്പോൾ എൻഎസ്എസ്സിനൊപ്പം ക്രൈസ്തവ സഭകൾ പ്രക്ഷോഭണം നയിക്കുന്നതിൽ ഡോ ആൻ്റണി മുൻനിരയിൽ നിന്നു. മാസങ്ങൾ നീണ്ട പ്രക്ഷോഭങ്ങൾക്കൊടുവിൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ചർച്ചയ്ക്കായി ഡൽഹിയിലേക്ക് വിളിച്ചപ്പോൾ കളത്തിൽ വേലായുധൻ നായർ, ഫാ വളളമറ്റം എന്നിവർക്കൊപ്പം ഡോ ഇ പി ആൻറണിയും പങ്കെടുത്തു.

എയ്ഡഡ് കോളേജുകളിൽ ഇന്ന് നിലവിലുള്ള അദ്ധ്യാപക- വിദ്യാർത്ഥി പ്രവേശനത്തിനുള്ള പാറ്റേൺ രൂപപ്പെടുത്തപ്പെട്ടതും പ്രൈവറ്റ് കോളേജ് അദ്ധ്യാപകർക്ക് സർക്കാർ നേരിട്ട് ശമ്പളം നല്കാൻ തുടങ്ങിയതും ഈ സമരത്തിൻ്റെ ഫലമായി രൂപപ്പെട്ടതാണ്. ഇന്ന് എയ്ഡഡ് കോളേജുകളിൽ 20 ശതമാനം സംവരണം പട്ടിക വിഭാഗങ്ങൾക്ക് ലഭ്യമാക്കാനുള്ള നിർദ്ദേശം നല്കിയത് ഡോ. ആൻറണി ആയിരുന്നു. അത് അംഗീകരിക്കപ്പെട്ടു. 1972-ൽ ഒപ്പുവയ്ക്കപ്പെട്ട കരാർ, ഡയറക്ട് പെയ്മെൻ്റ് ഉടമ്പടി എന്നാണ് അറിയപ്പെടുന്നത്.

രണ്ടാം ലോക യുദ്ധകാലത്ത് റോയൽ ഇന്ത്യൻ എയർ ഫോഴ്സിൻ്റെ ഭാഗമായിരുന്ന ആൻ്റണിക്ക് വിശിഷ്ട സേവനത്തിനു സൈനിക ബഹുമതി ലഭിച്ചിട്ടുണ്ട്.

മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും ഇൻ്റർമീഡിയറ്റും, പൂന, പഞ്ചാബ് യൂണിവേഴ്സിറ്റികളിൽ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും നേടി. 1981ൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ലത്തീൻ കത്തോലിക്കാ സമുദായത്തെക്കുറിച്ചുള്ള ഗവേഷണത്തിന് ഡോക്ടറേറ്റ് കരസ്ഥമാക്കി. രാജ്യത്തിനകത്ത് നിരവധി സ്ഥലങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1964 മുതൽ കളമശ്ശേരി സെൻ്റ് പോൾസ് കോളെജിൽ ചരിത്രാദ്ധ്യാപകനായും വൈസ് പ്രിൻസിപ്പലായും സേവനം ചെയ്തു. 1975 മുതൽ ആറു വർഷം കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ അംഗമായി. കേരള യൂനിവേഴ്സിറ്റിയുടെ ടെലി കമ്യൂണിക്കേഷൻ വിഭാഗത്തിൽ ചീഫ് എക്സാമിനറായിരുന്നു.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ആദിവാസി വിഭാഗങ്ങളുടെ ക്ഷേമത്തിനായി നാഗാലൻഡ് കേന്ദ്രമായി നോർത്ത് ഈസ്റ്റ് റിസോഴ്സ് സെൻ്റർ എന്ന സംഘടന രൂപവത്കരിച്ചു. നാഗാലാൻ്റിൽ മൂന്നു വർഷം താമസിച്ചാണ് നാഗ കുടുംബങ്ങളുടെ ജീവിത സവിശേഷതകൾ പ്രതിപാദിക്കുന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. ഈ ഗവേഷണ ഗ്രന്ഥം കേംബ്രിഡ്ജ് സർവ്വകലാശാലയിലാണ് സൂക്ഷിച്ചിട്ടുള്ളത്. 1991 ൽ ബ്രിട്ടനിലെ റോയൽ ഏഷ്യാറ്റിക് സൊസൈറ്റിയുടെ ഫെല്ലോ ആയി തെരഞ്ഞെടുക്കപ്പെട്ടു.

1974ൽ കേരള പിന്നോക്ക സമുദായ ഫെഡറേഷൻ രൂപീകരിച്ചു. എസ് എൻ ഡി പി, മുസ്ലിം ലീഗ്, കെ എൽ സി എ ഉൾപ്പടെ കേരളത്തിലെ സംവരണ സമുദായങ്ങളിലെ 33 സംഘടനകളുടെ ഫെഡറേഷനായിരുന്നു ഇത്. എസ് എൻ ഡി പി പ്രസിഡൻ്റ് എൻ. ശ്രീനിവാസൻ പ്രസിഡണ്ടും, ഡോ ഇ പി ആൻ്റെണി ജനറൽ സെക്രട്ടറിയുമായിരുന്നു. 1995 ൽ സുപ്രിം കോടതി കേരളത്തിൽ അടിയാൻ സമ്പ്രാദായം നിലവിലുണ്ടോ എന്ന് അന്വേഷിക്കാൻ ഏകാംഗ കമ്മീഷനായി ആൻ്റണിയെ നിയമിച്ചിരുന്നു.

ദീർഘകാലം കേരള ഹിസ്റ്ററി അസോസിയേഷൻ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള ഡോ. ഇ പി ആൻ്റണി നിരവധി ചരിത്ര ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ദ ഹിസ്റ്ററി ഓഫ് ലാറ്റിൻ കാത്തലിക്സ് ഇൻ കേരള ആണ് പ്രധാന ഗ്രന്ഥം.

പ​രേ​ത​യാ​യ ആ​ലീ​സാ​ണ് ഭാ​ര്യ. മ​ക്ക​ൾ: പ​രേ​ത​നാ​യ പ്ര​ശ​സ്ത ഗി​റ്റാ​റി​സ്​​റ്റ്​ ജോ​ണി, റോ​ക്കി, ഡ​യാ​ന. മ​രു​മ​ക്ക​ൾ: സു​പ്രീ​ത, സൂ​സ​ൻ, ഡോ. ​തോ​മ​സ് റോ​ഡ്രിഗ്സ്.

Dr. E P Antony