1943 – 2016 | 

അനന്യമായ നേതൃപാടവും, അതുല്യമായ ധൈഷണീക ശക്തിയും അനിതര സാധാരണമായ തലയെടുപ്പും അഗാധമായ സമുദായ സ്നേഹവും കലവറയില്ലാത്ത വ്യക്തി ബന്ധങ്ങളും കന്മക്ഷമില്ലാത്ത അഭിപ്രായങ്ങളും പ്രൊഫ. ആൻ്റണി ഐസക്കിൻ്റെ വ്യക്തിപ്രഭാവത്തിൻ്റെ ഊടും പാവും ആയിരുന്നു.

1950 കളിലും 60 കളിലും കേരള രാഷ്ട്രീയ സാംസ്കാരിക നഭോമണ്ഡലത്തെ ഇളക്കിമറിച്ച സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ദർശനങ്ങൾ ആയിരുന്നു ആൻ്റണി ഐസക്ക് സാറിൻ്റെ വ്യക്തിത്വരൂപകരണത്തിലെ മുഖ്യ പ്രചോദനം. അക്കാലത്ത് യുവജനങ്ങളെ ആവേശം കൊള്ളിച്ച മത്തായി മാഞ്ഞൂരാൻ്റെ സ്വാധീനത്താലായിയിരുന്നു സോഷ്യലിസ്റ്റ് ചിന്തകളുമായി കൈ കോർത്തത്.  1943 ജൂൺ 24 ആലപ്പുഴ ജില്ലയിലെ മാരാരിക്കുളത്ത് ജനനം. എറണാകുളം മഹാരാജാസ് കോളേജ്, തേവര സേക്രട്ട് ഹാർട്ട്സ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് ഉന്നത വിദ്യാഭ്യാസം. ഇരുപത്തി മൂന്നാമത്തെ വയസ്സിൽ കളമശ്ശേരി സെന്റ് പോൾസ് കോളേജിൽ അധ്യാപകൻ. 29 വർഷം നീണ്ട സേവനം, അതിൽ പത്തുവർഷം പ്രിൻസിപ്പലായി സേവനം ചെയ്തു. കോളേജിൻ്റെ പ്രിൻസിപ്പൽ ആയിരുന്ന കാലഘട്ടം തീർച്ചയായും കോളേജിന് സംബന്ധിച്ചിടത്തോളം സുവർണ്ണ യുഗമായിരുന്നു. കേരള സർവ്വകലാശാല സെനറ്റംഗം, മഹാത്മ ഗാന്ധി സർവ്വകലാശാല ഫാക്കൽറ്റി അംഗം എന്ന നിലകളിലും പ്രവർത്തിച്ചു.

1970 കളുടെ അവസാനത്തിൽ ഫിർമുസ്ച്ചനായിരുന്നു കെസിവൈഎം റിസോഴ്സ് പേഴ്സണാനായി ഐസക് സാറിനെ സമുദായ പ്രവർത്തനവുമായി ബന്ധപ്പെടുത്തിയത്. 1986 ലെ വിശുദ്ധ ജോൺ പോൾ പാപ്പായുടെ സന്ദർശനം, വരാപ്പുഴ അതിരൂപതയുടെ ശതാബ്ദി ആഘോഷ പരിപാടികൾ എന്നിവയുടെ സംഘാടകസമിതിയുടെ നേതൃത്വത്തിൽ അദ്ദേഹം പ്രധാന ചുമതലകൾ വഹിച്ചു.

ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെൻറ് അതോറിറ്റിയുടെ ചെയർമാനായി, 1993 ൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗമായി നിയമിക്കപ്പെട്ടു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്റ്റഡി ക്ലാസുകളുടെ നടു നായകത്വം വഹിക്കുകയും 1995 ൽ എറണാകുളം പാർലമെൻറ് മണ്ഡലത്തിൽ മത്സരിക്കുകയും ചെയ്തു. നിരവധി ട്രേഡ് യൂണിയനുകളുടെ പ്രസിഡണ്ടായി പ്രവർത്തിച്ചു.

1993- 1995 കാലയളവിൽ വരാപ്പുഴ അതിരൂപത കെഎൽസിഎ പ്രസിഡണ്ടായി പ്രവർത്തിച്ചു.
കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (KLCA) സംസ്ഥാന പ്രസിഡണ്ട്, കേരള കാത്തലിക് ഫെഡറേഷൻ ട്രഷറർ, എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. കെആർഎൽസിസി യുടെ പ്രഥമ ട്രഷററും ആയിരുന്നു അദ്ദേഹം .

വൈപ്പിൻ എറണാകുളം പാലങ്ങൾക്കായി കായൽ നികത്തി ഭൂമി വിറ്റ്, ആ പണം കൊണ്ട് പാലങ്ങൾ പണിയാൻ സാധിക്കുമെന്ന് പ്രൊഫ: ആൻറണി ഐസക്കാണ് അധികാരികൾക്കു മുൻപിൽ ആദ്യമായി അവതരിപ്പിച്ചത്. അതിൻ്റെ ബാക്കി പത്രമാണ് ഇന്ന് നമ്മൾ കാണുന്ന ജിഡ.

ജവഹർലാൽ നെഹ്റു, അസീസിയിലെ ഫ്രാൻസിസ്, കറുത്ത പുണ്യാളൻ, ഫ്രാൻസിസ് സേവ്യർ, എന്നീ പുസ്തകങ്ങളും, നിരവധി പ്രബന്ധങ്ങളും പ്രൊഫ: ആൻ്റെണി ഐസക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2016 മെയ് 26 അദ്ദേഹം നിര്യാതനായി.

ഭാര്യ: ശോഭ, മക്കൾ: നിമ, നവീൻ

Prof. Antony Isaac