1899 ഒക്ടോബർ 29 – 2002 ആഗസ്റ്റ് 11 |
ബ്രിട്ടീഷുകാർ കൊച്ചി അടക്കിവാണിരുന്ന കാലം. പേര് പോലും ബ്രിട്ടീഷ് കൊച്ചിയെന്നാണ് ആ കൊച്ചിയിലെ ഒരു പ്രഭാതം ഉണർന്നത് ഒരു പുതിയ കാഴ്ചയുമായാണ് . അമരാവതി റോഡരികിലുള്ള പീടികയ്ക്ക് മുകളിലെ ഒഴിഞ്ഞമുറിയിൽ ഒരു പുതിയ ബോർഡ് സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഒരു തകര ബോർഡിൽ കറുത്ത അക്ഷരങ്ങളിൽ വന്ദേമാതരം ക്ലബ്ബ് എന്നാണ് എഴുതിയിട്ടുള്ളത്. വന്ദേമാതരവും ഗാന്ധിയും ഒക്കെ ബ്രിട്ടീഷുകാരെ ശുണ്ഠി പിടിപ്പിക്കുന്ന കാലം. സംഭവം വലിയ വാർത്തയായി. മലബാർ എസ്പി യുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്തെത്തി. ക്ലബ്ബിൻ്റെ ഓഫീസ് പൂട്ടി മുദ്രവച്ചു. വിശദാന്വേഷണത്തിന് കളക്ടർ ഉത്തരവിട്ടു. പോലീസിൻ്റെ ബഹളം കേട്ട് ജനങ്ങൾ തടിച്ചുകൂടി. കൂട്ടത്തിൽ ഒരു പത്തൊൻപത്കാരനുമുണ്ടായിരുന്നു. എല്ലാം ചെയ്തിട്ടും ഒന്നും അറിയാത്തവനെപ്പോലെ ബോർഡ് സ്ഥാപിച്ച കെ. ജെ. ബർലി.
ഫോർട്ട്കൊച്ചിയിലെ പ്രശസ്തമായ കുരിശിങ്കൽ തറവാട്ടിൽ കെ. ബി. ജേക്കബിന്റെയും സിസിലിയയുടെയും മകനായി 1899 ഒക്ടോബർ 24 ന് ജനിച്ചു. അനാരോഗ്യം മൂലം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാതെ പിതാവിൻ്റെ ബിസ്സിനസിലും രാഷ്ട്രീയത്തിലും പങ്കാളിയായി. 1918 ൽ സ്വാതന്ത്ര്യ സമരത്തിൻ്റെ കാഹളം ഉൾക്കൊണ്ട് വന്ദേമാതരം ക്ലബ്ബ് രൂപീകരിച്ചു. ബ്രിട്ടീഷ് പട്ടാളം വന്ദേമാതരം ക്ലബ്ബിന്റെ ബോർഡ് നശിപ്പിക്കുന്നത് പത്തൊൻപത്കാരനായ ബെർലിക്ക് നിസ്സഹായതയോടെ നോക്കിനിൽക്കാനെ കഴിഞ്ഞുള്ളൂ. ഈ സംഭവം അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു. ബർലി അടങ്ങിയിരുന്നില്ല. ചെറുപ്പക്കാരെ സംഘടിപ്പിച്ച ഏഴ് വർഷങ്ങൾക്കു ശേഷം കൊച്ചിയിലെ ആദ്യ കോൺഗ്രസ് കമ്മിറ്റി രൂപീകരിച്ചു. അതിൻ്റെ പ്രസിഡന്റുമായി. അപ്പോൾ പ്രായം 26. ഗാന്ധിജിയുടെ ആഹ്വാനം സ്വീകരിച്ച് സ്വാതന്ത്ര്യ സമരത്തോടൊപ്പം കൊച്ചിയെ മദ്യവിമുക്തമാക്കാനും പകർച്ചവ്യാധികൾ അകറ്റാനുമുള്ള പ്രവർത്തനങ്ങൾക്കും അദ്ദേഹം പ്രസിഡൻ്റായുള്ള കോൺഗ്രസ് കമ്മിറ്റി നേതൃത്വം കൊടുത്തു. അതുവഴി രാജ്യത്തെ ആദ്യത്തെ മദ്യ വിമുക്ത പ്രദേശമായി കൊച്ചി മാറി.
ഈ വാർത്ത ഗാന്ധിജിയെ കൊച്ചി സന്ദർശിക്കാൻ പ്രേരിപ്പിച്ചു. 1927 ഒക്ടോബർ 13 ന് ഫോർട്ടുകൊച്ചി ബീച്ചിൽ വൻ ജനാവലി പങ്കെടുത്ത യോഗത്തിൽ മഹാത്മാഗാന്ധി പ്രസംഗിച്ചു. സ്വാതന്ത്ര്യ സമരം ബ്രിട്ടീഷ് കൊച്ചിയിൽ സജീവമായി നിലനിർത്തിയത് കുരിശിങ്കൽ കുടുംബവും കെ ജെ ബെർലിയുമാണ്. കുപിതരായ ബ്രിട്ടീഷുകാർ കെ ജെ ബെർലിയുടെ സഹോദരങ്ങളേ ജയിലിൽ അടച്ചു. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചുവെങ്കിലും പിടികൊടുക്കാതെ ഒളിപ്രവർത്തനങ്ങൾ നടത്തി. അക്കാലത്ത് എ. കെ. ഗോപാലൻ, സി. അച്യുതമേനോൻ തുടങ്ങിയ മലബാറിലെ കോൺഗ്രസ് നേതാക്കളുടെ ഒളികേന്ദ്രമായിരുന്നു കുരിശിങ്കൽ തറവാട്.
1945ൽ ഐഎൻഎയുടെ ഫണ്ട് ശേഖരണത്തിനായി ഫോർട്ടുകൊച്ചിയിൽ എത്തിയ ക്യാപ്റ്റൻ ലക്ഷ്മിയെ അദ്ദേഹം സ്വീകരിച്ചു. സംഭാവനയും നൽകി. പത്തുവർഷക്കാലം ഫോർട്ടുകൊച്ചി മുൻസിപ്പൽ കൗൺസിലറായിരുന്ന അദ്ദേഹം ചെയർമാനായും സേവനമനുഷ്ഠിച്ചു. അദ്ദേഹത്തിൻ്റെ ഭാര്യ ആനിയും സ്വാതന്ത്ര്യ സമരത്തിൽ സജീവ പങ്കാളിയായി. 16 വർഷം മുൻസിപ്പൽ കൗൺസിലറുമായിരുന്നു. ചെല്ലാനം പള്ളിത്തോട് സ്രാമ്പിക്കൽ കുടുംബാംഗമായിരുന്നു. ആനി. മക്കളായ ഡോ. കെ ബി ജേക്കബ്, തോമസ് ബെർലി, പ്രകാശ് ബർലി , സന്തോഷ് ബർലി എന്നിവരും ഏറെ പ്രശസ്തരാണ്.
സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നതിൽ ഒരിക്കലും ബെർലി മടി കാണിച്ചിരുന്നില്ല. അധികാരികളെ കൗതുകത്തിലാഴ്ത്തിയ മറ്റൊരു സമരത്തിനും ബർലി നേതൃത്വം നൽകി. ഉലക്കയുമേന്തി സ്ത്രീകളും പുരുഷന്മാരും കൊച്ചിയിൽ നടത്തിയ പ്രകടനമായിരുന്നു കൗതുകം പകർന്ന ആ സമരം. കൊച്ചിയിൽ അരിയും ഗോതമ്പും പൊടിപ്പിക്കുന്നതിന് മില്ലുകൾ സ്ഥാപിക്കുന്നതിനെതിരെ ആയിരുന്നു ധാന്യങ്ങൾ പൊടിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളുടെ ഉലക്കയേന്തിയ പ്രകടനം.
1947 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യപ്പുലരിയിൽ ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ ആത്മാഭിമാനത്തോടെ ദേശീയ പതാക ഉയർത്തി. സ്വാതന്ത്ര്യലബ്ധിക്കുശേഷവും അദ്ദേഹം പൊതുപ്രവർത്തനം തുടർന്നു. മദർ തെരേസയുടെ സേവനം കൊച്ചിയിലേക്ക് വ്യാപിക്കുവാൻ അദ്ദേഹം കാരണക്കാരനായി.
1972 ൽ ലത്തീൻ കത്തോലിക്കാ സമൂഹത്തിന്റെ വിമോചനത്തിനും വികസനത്തിനുമായി കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സ്ഥാപിച്ചു. 1974 ൽ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി മൂന്ന് ദിവസത്തെ വിപുലമായ പരിപാടികളാണ് കൊച്ചിയിൽ നടന്നത്. അതിൽ പ്രധാനപ്പെട്ടത് പള്ളുരുത്തിയിൽ നിന്ന് കൊച്ചിയിലേക്ക് ജനസഹസ്രങ്ങൾ നടത്തിയ വർണ്ണശബളമായ റാലിയായിരുന്നു. നീണ്ട പതിമൂന്ന് വർഷക്കാലം അദ്ദേഹം പ്രസിഡണ്ടായി സേവനമനുഷ്ഠിച്ചു.
1964 ജോൺ 23-ാം പാപ്പ ബെനമെരേന്തി എന്ന ബഹുമതി സമ്മാനിച്ചു. 1974 ൽ ഷെവലിയർ സ്ഥാനവും നൽകി കത്തോലിക്കാസഭ അദ്ദേഹത്തെ ആദരിച്ചു. മൂന്ന് ശതാബ്ദങ്ങൾ ദർശിച്ച ആ മഹാ നേതാവ് 2002 ഓഗസ്റ്റ് 11ന് തൻ്റെ 103 മത്തെ വയസ്സിൽ അന്തരിച്ചു. രണ്ടായിരത്തിൽ കൊച്ചി കോർപ്പറേഷൻ ഇറക്കിയ സ്മരണികയിൽ ഷെവലിയർ കെ. ജെ. ബർലിയെ കൊച്ചിയുടെ കാരണവർ എന്നാണ് വിശേഷിപ്പിച്ചത്. അദ്ദേഹം സമുദായത്തിന്റെയും ആചാര്യനായിരുന്നു.
നിരവധി ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷിയായ കുരിശിങ്കൽ തറവാട് 2016 ൽ ഇലക്ട്രിക്കൽ സർക്യൂട്ടിലെ തകരാറുമൂലം അഗ്നിക്കിരയായി. കെ. ജെ . ബർലിയുടെ ചരിത്രം നമ്മുടെ ഓർമ്മകളിൽ നിന്നും മായാൻ അനുവദിക്കരുത്. കാരണം അതൊരു സമുദായമുന്നേറ്റത്തിന്റെ ചരിത്രം തന്നെയാണ്.
തയ്യാറാക്കിയത്: ഷാജി ജോർജ്
CHEVALIER K. J. BERLIGH